ബിഹാർ തിരിച്ചടി: രാഹുൽ ഗാന്ധിക്ക് എതിരായ വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ രാഹുൽ ഗാന്ധിക്ക് എതിരായ വിമത നീക്കങ്ങൾക്ക് തടയിടാൻ കോൺഗ്രസ് ദേശീയ നേതൃത്വം. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം സംസ്ഥാന അദ്ധ്യക്ഷനും പ്രചാരണത്തിന്റെ ചുമതല ഉണ്ടായിരുന്ന അഖിലേഷ് പ്രസാദ് സിംഗും എറ്റെടുത്തു. മത്സരിക്കാൻ തെറ്റായ സീറ്റുകൾ തെരഞ്ഞെടുത്ത തങ്ങളാണ് തോൽവിക്ക് കാരണമായതെന്ന് അവർ വ്യക്തമാക്കി.

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മുൻനിർത്തി ദേശീയ നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും പിടിച്ച് കെട്ടാനുള്ള നീക്കത്തിലാണ് കോൺഗ്രസിലെ വിമതപക്ഷം. അതിന് ഒരു പരിധിയിലപ്പുറം വിമതർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗുലാം നബി ആസാദിനെ പോലുള്ള ഒരു നേതാവിനെ ബിഹാറിന്റെ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയതടക്കമുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ നടപടി വേണമെന്നാണ് വിമതപക്ഷം പറയുന്നത്. വരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡം അടക്കം നിശ്ചയിക്കണമെന്നും ഇവർ നിർദേശിക്കുന്നു. പി.ചിദംബരവും കബിൽ സിബലുമാണ് വിമർശനവുമായി പരസ്യമായ് രംഗത്തുവന്നതെങ്കിലും നിരവധി പ്രധാന നേതാക്കൾ വിമത സംഘത്തിൽ ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് മുറിവുണക്കാനുള്ള നടപടികളുടെ ഭാഗമായി പാർട്ടി ബിഹാർ അദ്ധ്യക്ഷനും പ്രചാരണ സമിതി തലവനും സ്വയം വിമർശനം നടത്തുന്നത്. ഇതുവഴി എല്ലാ കുഴപ്പങ്ങൾക്കും കാരണം രാഹുൽ ഗാന്ധിയുടെ ഇടപെടലും തീരുമാനങ്ങളും ആണെന്ന പ്രചരണത്തിന് തടയിടുകയാണ് ലക്ഷ്യം.

ബിഹാറിലെ വീഴ്ചകൾ തങ്ങളുടെതാണെന്നും മറ്റൊരു പരിശോധനയും അന്വേഷണവും വേണ്ടന്നുമാണ് പാർട്ടി ബിഹാർ അദ്ധ്യക്ഷനും പ്രചാരണ സമിതി തലവനും കൈക്കൊണ്ട നിലപാട്. മറുവശത്ത് വിമതർ നേതൃത്വത്തിനെതിരെ ശക്തി ആർജിക്കുന്നതാണ് ഡൽഹിയിലെ കാഴ്ച. പ്രധാനപ്പെട്ട പല നേതാക്കളും മാനസികമായ് വിമതർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. വിമതരുടെ ഒരു യോഗം ഈ ആഴ്ചയോ അടുത്ത ആഴ്ച ആദ്യമോ നടക്കും എന്ന പ്രചാരണവും ഇപ്പോൾ കോൺഗ്രസ് ആസ്ഥാനത്തെ അന്തരീക്ഷത്തിൽ ഉയരുന്നുണ്ട്.

Story Highlights Bihar, Rahul Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top