ബിനീഷ് കോടിയേരിയെ കോടതി റിമാന്‍ഡ് ചെയ്തു

ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയെ അറിയിച്ചു. എന്‍സിബി കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാല്‍ ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു. കേസില്‍ നിലവില്‍ ബിനീഷിനെ പ്രതി ചേര്‍ത്തിട്ടില്ല.
Read Also : ബംഗളൂരു ലഹരിമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ബിനീഷിനെ നാല് ദിവസമായികസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ബംഗളൂരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ലഹരിക്കടത്ത് കേസില്‍ ചോദ്യം ചെയ്‌തെങ്കിലും ബിനീഷിനെ എന്‍സിബി പ്രതി ചേര്‍ത്തിട്ടില്ല. കേസിലെ പ്രതിയായ മുഹമ്മദ് അനൂപുമായി വന്‍ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിനാല്‍ ലഹരിക്കടത്തുമായി ബിനീഷിന് ബന്ധമുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യം ചെയ്തതെന്ന് എന്‍സിബി കോടതിയില്‍ അറിയിച്ചു. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയ എന്‍സിബി കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടില്ല. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
അതേസമയംലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. ഇ ഡി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് അബ്ദുള്‍ ലത്തീഫ് ബംഗളൂരുവിലെ സോണല്‍ ഓഫീസില്‍ ഹാജരായത്. ഇയാള്‍ ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ ഓള്‍ഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തില്‍ ബിനീഷിനും ലത്തീഫിനും പങ്കാളിത്തമുണ്ടെന്നും ഇ ഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലത്തീഫിന്റെ തിരുവനന്തപുരത്തെ വീട്ടിലും കാര്‍ പാലസ് എന്ന സ്ഥാപനത്തിലും റെയ്ഡും നടത്തിയിരുന്നു.
Story Highlights – bineesh kodiyeri, drug case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here