ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പിതാവ് മരണപ്പെട്ടു

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിൻ്റെ പിതാവ് മുഹമ്മദ് ഗൗസ് മരണപ്പെട്ടു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് 53കാരനായ ഗൗസ് മരണപ്പെട്ടത്. ഹൈദരാബാദിലെ ഒരു ആശുപത്രിയിൽ വെച്ചായിരുന്നു മരണം. 26കാരനായ സിറാജ് ഓസീസ് പര്യടനത്തിൻ്റെ ഭാഗമായി സിഡ്നിയിൽ ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിലാണ്. ക്വാറൻ്റീൻ നിബന്ധകൾ നിലനിൽക്കുന്നതിനാൽ സിറാജ് അന്ത്യകർമ്മങ്ങൾക്ക് എത്തില്ല.
“പിതാവ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു- എൻ്റെ കുഞ്ഞേ, നീ രാജ്യത്തിന് അഭിമാനമാവണം. അത് ഞാൻ ഉറപ്പായും ചെയ്യും. ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന എൻ്റെ പിതാവ് എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് എനിക്കറിയാം. എൻ്റെ പാഷനായ ക്രിക്കറ്റ് പിന്തുടരാൻ എന്നെ സഹായിച്ചതും ഒരുപാട് ബുദ്ധിമുട്ടിയാണ്. ശരിക്കും ഈ വാർത്ത ഞെട്ടിക്കുന്നതാണ്. എൻ്റെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. ഞാൻ രാജ്യത്തിനായി കളിക്കണമെന്നത് അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു. അത് ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോലിയും ധൈര്യമായിരിക്കാൻ എന്നോട് പറഞ്ഞു. അവർ എനിക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നൽകി.”- മരണവിവരം അറിഞ്ഞ സിറാജ് പറഞ്ഞു.
ഏഴാം വയസ്സിൽ സഹോദരനെ നഷ്ടമായ സിറാജ് ദാരിദ്ര്യത്തിൻ്റെ ഭൂതകാലത്തിൽ നിന്നാണ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്ന സിറാജ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിന് മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ പറയുന്നത്.
Story Highlights – Mohammad Siraj’s father passes away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here