ഫീസ് വര്‍ധനവ്; സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ മുന്നോട്ടുവച്ച വാദങ്ങള്‍ വ്യാജം

സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ ഈ വര്‍ഷത്തെ ഫീസ് ഇരട്ടിയാക്കാന്‍ മുന്നോട്ടുവച്ച വാദങ്ങള്‍ വ്യാജം. അധ്യാപകരുടെ ശമ്പള വര്‍ധനയാണ് ഉയര്‍ന്ന ചെലവിനു കാരണമായി മാനേജ്മെന്റുകള്‍ ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ പത്ത് മാസമായി ശമ്പളം നല്‍കുന്നില്ലെന്ന് വ്യക്തമാക്കി അധ്യാപകര്‍ വിവിധ മാനേജ്ന്റുകള്‍ക്ക് നല്‍കിയ കത്തുകളുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ വര്‍ഷം ആറു ലക്ഷമായിരുന്ന എം.ബി.ബി.എസ് ഫീസ് ഇത്തവണ 12 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. കോളജ് നടത്തിക്കൊണ്ടു പോകുന്നതിനു ഉയര്‍ന്ന ചെലവാണുള്ളതെന്ന കാര്യമാണ് ഉയര്‍ന്ന ഫീസിനായി മാനേജ്മെന്റുകള്‍ ഉയര്‍ത്തിയ വാദം. അധ്യാപകരുടെ ശമ്പള വര്‍ധനയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഓരോ വര്‍ഷവും അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നുണ്ടെന്നും ശമ്പളം നല്‍കാനായി വലിയ തുക വേണ്ടിവരുന്നുവെന്നുമാണ് മാനേജ്മെന്റുകള്‍ ഫീസ് നിര്‍ണയ സമിതിയെ അറിയിച്ചത്. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ശമ്പളം വര്‍ധിപ്പിച്ചിട്ടില്ല. തൊടുപുഴ, അടൂര്‍, കാരക്കോണം, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളജുകളിലാകട്ടെ അധ്യാപകരുടെ ശമ്പളം കുടിശികയാണ്.
ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട്് ഈ മെഡിക്കല്‍ കോളജുകളിലെ അധ്യാപകര്‍ മാനേജ്മെന്റുകള്‍ക്ക് നല്‍കിയ കത്തില്‍ പലയിടത്തും മാസങ്ങളുടെ ശമ്പളക്കുടിശികയാണുള്ളതെന്ന് വ്യക്തമാക്കുന്നു. കൊവിഡ് കാരണം 75 ശതമാനം ശമ്പളം കഴിഞ്ഞ മാര്‍ച്ചു മുതല്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെയാണ് അധ്യാപക ശമ്പളം കാരണം ചെലവു വര്‍ധിച്ചതായി മാനേജ്മെന്റുകള്‍ വാദിച്ചത്. രണ്ടു സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ ചേര്‍ന്നാല്‍ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി എന്ന തത്വത്തിലാണ് കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയത്. എന്നാല്‍ 18 വര്‍ഷം പിന്നിടുമ്പോള്‍ സ്വാശ്രയ കോളജുകളിലെ മെരിറ്റ് സീറ്റില്‍ പഠിക്കാന്‍ 12 ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കേണ്ട സ്ഥിതിയാണ്.
Story Highlights – Fee increase; arguments self-financing medical managements are false
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here