Advertisement

രാജ്യത്തെ മികച്ച 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കേരളത്തില്‍; ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

November 21, 2020
Google News 2 minutes Read

സംസ്ഥാനത്തെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. 95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാരാഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി നേടുന്നത്.

കൊവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണ്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആറ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 62 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍ഗോഡ് കയ്യൂര്‍ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. ജില്ലാ തല ആശുപത്രികളുടെ പട്ടികയില്‍ 96 ശതമാനം സ്‌കോര്‍ നേടി ഡബ്ല്യൂ ആന്‍ഡ് സി ആശുപത്രി കോഴിക്കോടും, സബ്ജില്ലാ ആശുപത്രികളുടെ പട്ടികയില്‍ 98.7 ശതമാനം സ്‌കോര്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടിയും ഇന്ത്യയില്‍ ഒന്നാമതാണ്. കണ്ണൂര്‍ ജില്ലയിലെ 18 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യൂഎഎസ് അംഗീകാരം ലഭിച്ചത്. ഇത്രയേറെ എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കുന്ന ഇന്ത്യയിലെ തന്നെ ഏക ജില്ലയാണ് കണ്ണൂര്‍.

സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷകാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്‌സികള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായിക്കും.

Story Highlights Kerala has 12 best primary health centers in the country

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here