സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം ചോദ്യം ചെയ്തു; വയോധികനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

വിഴിഞ്ഞം സ്വദേശിയായ വയോധികനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ട് പേരെ പൊലീസ് പിടികൂടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. വിഴിഞ്ഞം കരയടിവിള കൈതവിളാകം വീട്ടില്‍ ഷെഫിന്‍(23), വെങ്ങാനൂര്‍ കൈതവിളാകം ആരതി ഭവനില്‍ ജഗന്‍ എന്ന് വിളിക്കുന്ന അഖിരാജ് (22) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 17 ന് വൈകുന്നേരം ഏഴു മണിക്കാണ് സംഭവം. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ 63 വയസുള്ള പാസ്റ്റര്‍ ജാക്‌സനെയാണ് എട്ട് അംഗ സംഘം ഹെല്‍മറ്റും തടികക്ഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. തലയ്ക്കും കണ്ണിനും സാരമായ പരുക്കേറ്റ പാസ്റ്റര്‍ ചികിത്സയിലാണ്. സ്ഥലത്തെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്തതിനാണ്, സംഘം വയോധികനെ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പിടികൂടുവാന്‍ ഡിസിപി ഡോ.ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒന്നും രണ്ടും പ്രതികള്‍ പിടിയിലായത്. വിഴിഞ്ഞം എസ്എച്ച്ഒ പ്രവീണ്‍, എസ്‌ഐ സജി, സിപിഒമാരായ കൃഷ്ണകുമാര്‍, അജികുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികളെ പിടികൂടുവാനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും കമ്മീഷണര്‍ അറിയിച്ചു.
Story Highlights – Two arrested for trying to beat an elderly man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here