അവസാന പോരാട്ടവും കഴിഞ്ഞു; റിങ്ങിൽ തീപടർത്താൻ ഇനി അണ്ടർടേക്കർ ഇല്ല: വിടവാങ്ങൽ വിഡിയോ വൈറൽ

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു. 30 വർഷം നീണ്ട സുദീർഘമായ കരിയറിനാണ് താരം അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സർവൈവർ സീരീസിൽ വെച്ചാണ് അദ്ദേഹം വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 1990ൽ സർവൈവർ സീരീസിലൂടെ കരിയർ ആരംഭിച്ച അദ്ദേഹത്തിന് നിരവധി സഹതാരങ്ങൾ യാത്ര അയപ്പ് നൽകി.
“30 വർഷക്കാലം ഞാൻ റിങ്ങിലേക്ക് പതിയെ നടന്നുവന്ന് ആളുകളെ പലതവണ വിശ്രമത്തിലേക്ക് നയിച്ചു. ഇപ്പോൾ എൻ്റെ സമയം വന്നിരിക്കുന്നു. അണ്ടർടെക്കർക്ക് വിശ്രമിക്കാൻ സമയമായിരിക്കുന്നു.” അണ്ടർടേക്കർ പറഞ്ഞു. ജൂൺ 22ന് വിരമിക്കൽ പ്രഖ്യാപിച്ച അദ്ദേഹം ഒരു അവസാന പോരാട്ടം കൂടി താൻ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് സർവൈവർ സീരീസിലൂടെ അദ്ദേഹം പൂർത്തിയാക്കിയത്.
Read Also : ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു
ഏഴ് തവണ ലോക ചാമ്പ്യനായ ഡബ്ല്യുഡബ്ല്യുഇ താരമാണ് അണ്ടർടേക്കർ. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയൽ റംബിൾ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്. മാർക്ക് വില്ല്യം കൽവെ എന്ന യഥാർത്ഥ പേരിനു പകരം അണ്ടർടേക്കർ എന്ന പേരും സ്വീകരിച്ചു.
90കളിലാണ് അദ്ദേഹം റിങ്ങിൽ വിസ്മയങ്ങൾ തീർത്തത്. ഡബ്ല്യുഡബ്ല്യുഇയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് അണ്ടർടേക്കർ. ഇടിക്കൂട്ടിലേക്കുള്ള എൻട്രിയിലെ നാടകീയതയും സ്റ്റൈലിഷായ മൂവുകളും അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സമ്മാനിച്ചു. റസൽമാനിയയിൽ അദ്ദേഹം കുറിച്ച തുടർച്ചയായ 21 വിജയങ്ങൾ ഒരു റെക്കോർഡ് ആണ്. 2018 ൽ ജോൺ സീനയെ മൂന്ന് മിനിട്ടിൽ പരാജയപ്പെടുത്തിയതും അദ്ദേഹത്തിൻ്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടിൽ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ ശക്തമായി തിരികെ എത്തിയിരുന്നു.
Story Highlights – “My Time Has Come”: The Undertaker Gets Epic Final Farewell At Survivor Series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here