‘പ്രദീപ് കുമാർ കൂലിക്കാരൻ മാത്രം; വിശദമായ അന്വേഷണം വേണം’: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ഭീഷണിയിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാർ കൂലിക്കാരൻ മാത്രമെന്ന് മാപ്പുസാക്ഷി വിപിൻ ലാൽ. പ്രദീപ് മൊഴി മാറ്റിയാൽ ആർക്കാണ് ഗുണം ചെയ്യുന്നതെന്ന് അന്വേഷിക്കണമെന്ന് വിപിൻ ലാൽ ട്വന്റിഫോറിനോട് പറഞ്ഞു.
പ്രദീപ് കുമാറിനെ നിയോഗിച്ചവരെ പറ്റി വിശദമായ അന്വേഷണം വേണം. പ്രദീപ് കുമാറിന് പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല. അദ്ദേഹത്തിന് കേസുമായി ബന്ധമില്ല. പ്രദീപ് ആർക്കുവേണ്ടിയാണ് വന്നത്, അതിന് ശേഷം ആർക്കാണ് ഗുണമുണ്ടായത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്നും വിപിൻ ലാൽ പറഞ്ഞു.
പ്രദീപ് കുമാറിന്റെ അറസ്റ്റിന് പിന്നാലെയാണ് വിപിൻ ലാലിന്റെ പ്രതികരണം.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് പ്രദീപ് കുമാറിനെ ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. പത്തനാപുരത്തെത്തിയായിരുന്നു അറസ്റ്റ്. തുടർന്ന് കാസർഗോട്ടേയ്ക്ക് കൊണ്ടുപോയിരുന്നു. അറസ്റ്റിന് പിന്നാലെ പ്രദീപ് കുമാറിനെ ഓഫിസ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി കെ.ബി ഗണേഷ് കുമാർ നടപടി സ്വീകരിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ എം.എൽ.എ തയ്യാറായില്ല.
Story Highlights – Actress attack case, K B Ganesh Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here