യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതന് ‘കൈപ്പത്തി’; തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് മുരളീധരന്‍

കോഴിക്കോട് വടകരയിലെ വിമത സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസിലും മുന്നണിയിലും തര്‍ക്കം രൂക്ഷമാകുന്നു. യുഡിഎഫ്- ആര്‍എംപി ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്‍കിയ കോണ്‍ഗ്രസുകാരന് കൈപ്പത്തി ചിഹ്നം നല്‍കിയ സംഭവത്തില്‍ നേതൃത്വത്തിനെതിരെ കെ മുരളീധരന്‍ എം പി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയാരെന്നത് തീര്‍പ്പാകാത്ത സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മുരളീധരന്‍ പറഞ്ഞു.
Read Also : സ്വപ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകം: വി മുരളീധരന്‍
വടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ നാല് പഞ്ചായത്തുകളിലും യുഡിഎഫ്- ആര്‍എംപി ധാരണ പ്രകാരം ജനകീയ മുന്നണി എന്ന പേരിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ധാരണ അനുസരിച്ച് ആര്‍എംപിയുടെ കൈയിലുണ്ടായിരുന്ന നെല്ലാച്ചേരി, മടപ്പള്ളി ഡിവിഷനുകള്‍ യുഡിഎഫിന് വിട്ടുനില്‍കുകയും മുന്‍പ് കോണ്‍ഗ്രസ് പരാജയപ്പെട്ട കല്ലാമല ഡിവിഷന്‍ ആര്‍എംപി ഏറ്റെടുക്കുകയും ചെയ്തു. ആര്‍എംപിയിലെ സി സുഗതനാണ് ഇവിടെ സ്ഥാനാര്‍ത്ഥി. എന്നാല്‍ ഇവിടെ മുന്നണി ധാരണയ്ക്ക് വിരുദ്ധമായി പത്രിക നല്‍കിയ കോണ്‍ഗ്രസുകാരന് കൈപ്പത്തി ചിഹ്നം നല്‍കിയതാണ് കെ മുരളീധരനെ ചൊടിപ്പിച്ചത്.
ഇവിടെ മത്സരിക്കുന്ന കെ പി ജയകുമാറിന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിന് പിന്നില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആരോപണം. മുല്ലപ്പള്ളി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ വടകരയില്‍ പ്രചാരണത്തിനില്ലെന്നാണ് കെ മുരളീധരന്റെ നിലപാട്. ഇന്നലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മുരളീധരന്‍ പങ്കെടുത്തില്ല. മുല്ലപ്പള്ളിക്കൊപ്പം നില്‍ക്കുന്നവര്‍ വിമതന് വേണ്ടി പ്രചാരണത്തിനിറങ്ങിയത് ലീഗിനെയും ആര്‍എംപിയെയും ചൊടിപ്പിച്ചിട്ടുണ്ട്.
Story Highlights – udf, rmp, k muraleedharan