ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് നട്ടം തിരിഞ്ഞ് വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ

ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് നട്ടം തിരിയുകയാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കോക്കാട് നോർത്ത് വാർഡിലെ സ്ഥാനാർത്ഥികൾ. തെരഞ്ഞെടുപ്പിന് വില്ലനായി എത്തിയ ഒച്ചുകളെ എന്തുചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് പ്രവർത്തകരും സ്ഥാനാർത്ഥികളും.
തെരഞ്ഞെടുപ്പ് ആവേശം ഒട്ടും ചോരാതെ സ്ഥാനാർത്ഥികൾ ഒട്ടിച്ചു പോകുന്ന വർണ്ണ പോസ്റ്റുകളുടെ ഏറിയഭാഗവും നേരം പുലർന്നാൽ കാണാറില്ല . മിക്ക സ്ഥാനാർത്ഥികളുടെയും കണ്ണും കാതും മുഖവും കാർന്നു തിന്നുകയാണ് വില്ലന്മാമാരായ ആഫ്രിക്കൻ ഒച്ചുകൾ.
രാഷ്ട്രീയ പക്ഷഭേദം കാണിക്കാതെ രാത്രിയിൽ സംഘമായെത്തുന്ന ഒച്ചുകൾ തിന്നു തീർത്തത് ഇടതു-വലതു ബിജെപി സ്ഥാനാർത്ഥികളുടെ നിരവധി പോസ്റ്ററുകൾ. വാർഡിന്റെ മിക്കഭാഗത്തും സ്ഥിതി ഇത് തന്നെ. രണ്ട് ദിവസം കൊണ്ട് ഒരു പോസ്റ്റർ പൂർണമായും തിന്നു കഴിയും. പുതിയത് ഒട്ടിച്ചാൽ വീണ്ടും ഇതുതന്നെ സ്ഥിതി. പ്രതിവിധി എന്തെന്നറിയാതെ വലയുകയാണ് സ്ഥാനാർത്ഥികൾ.
തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങൾ ബാക്കിയുണ്ട്. അതിനിടെ പോസ്റ്റർ അടിക്കുന്നതിനു അധികമായി തുക കണ്ടെത്തണം. ഒട്ടിക്കുന്ന പോസ്റ്ററുകൾ നിലനിർത്തുന്നതിന് രാത്രിയിൽ ഒച്ച് പിടിക്കാനും ഇറങ്ങണം. ഇതാണ് കോക്കാട് വാർഡിലെ അവസ്ഥ.
Story Highlights – Candidates from Vettikavala Grama Panchayat turn their backs on African snails
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here