പാണ്ഡ്യയുടെയും ധവാന്റെയും പോരാട്ടം പാഴായി; കൊവിഡാനന്തരം ഇന്ത്യക്ക് തോൽവിയോടെ തുടക്കം

india lost australia odi

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി. 66 റൺസിനാണ് ആഥേയർ ഇന്ത്യയെ കീഴ്പ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആരോൺ ഫിഞ്ചിൻ്റെയും സ്റ്റീവ് സ്മിത്തിൻ്റെയും സെഞ്ചുറിയുടെ സഹായത്തോടെ നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 374 റൺസ് എന്ന കൂറ്റൻ സ്കോറാണ് നേടിയത്. ഓസ്ട്രേലിയ മുന്നോട്ടുവച്ച 375 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുക്കാനേ സാധിച്ചുള്ളൂ കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ഓസ്ട്രേലിയ അർഹിക്കുന്ന ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യക്കായി 90 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യ ടോപ്പ് സ്കോററായി. ശിഖർ ധവാൻ 74 റൺസെടുത്തു. ഓസീസിനായി ആദം സാമ്പ നാലു വിക്കറ്റ് വീഴ്ത്തി.

റെക്കോർഡ് ചേസിലേക്ക് ബാറ്റു വീശിയ ഇന്ത്യക്ക് ശിഖർ ധവാനും മായങ്ക് അഗർവാളും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഓസീസ് ഓപ്പണിംഗ് ബൗളർമാരെ നാലുപാടും മർദ്ദിച്ച സഖ്യം ആദ്യ ചിക്കറ്റിൽ 53 റൺസ് കൂട്ടിച്ചേർത്തു. മായങ്ക് അഗർവാളിനെ (22) ഗ്ലെൻ മാക്സ്‌വലിൻ്റെ കൈകളിലെത്തിച്ച ജോഷ് ഹേസൽവുഡ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നന്നായി തുടങ്ങിയ വിരാട് കോലിയും (21) ഹേസൽവുഡിൻ്റെ ഇരയായി. ഇന്ത്യൻ ക്യാപ്റ്റനെ ഫിഞ്ച് പിടികൂടുകയായിരുന്നു. ശ്രേയാസ് അയ്യരിനെ (2) അലക്സ് കാരിയുടെ കൈകളിൽ എത്തിച്ച ഹേസൽവുഡ് മൂന്നാം വിക്കറ്റും സ്വന്തമാക്കി.

ഹേസൽവുഡിനു പിന്നാലെ സാമ്പ വിക്കറ്റ് വേട്ട തുടങ്ങി. ലോകേഷ് രാഹുൽ (12) ആയിരുന്നു ആദ്യ ഇര. 101-4 എന്ന നിലയിൽ നിന്നാണ് ധവാൻ-പാണ്ഡ്യ സഖ്യം ക്രീസിൽ ഒത്തുചേരുന്നത്. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ പാണ്ഡ്യക്കൊപ്പം ധവാനും ചേർന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. 31 പന്തുകളിൽ പാണ്ഡ്യയും 55 പന്തുകളിൽ ധവാനും ഫിഫ്റ്റി തികച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 128 റൺസ് കൂട്ടിച്ചേർത്തു. ധവാനെ (74) സ്റ്റാർക്കിൻ്റെ കൈകളിലെത്തിച്ച സാമ്പയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ പാണ്ഡ്യയും (90) മടങ്ങി. പാണ്ഡ്യയെയും പിനാലെ ജഡേജയെയും (25) സാമ്പ-സ്റ്റാർക്ക് സഖ്യമാണ് പുറത്താക്കിയത്. കളി അവസാനിക്കുമ്പോൾ നവദീപ് സെയ്നി (29), ജസ്പ്രീത് ബുംറ (0) എന്നിവർ പുറത്താവാതെ നിന്നു.

നേരത്തെ, ഫിഞ്ച് (114), സ്മിത്ത് (105) എന്നിവരാണ് തിളങ്ങിയത്. 19 പന്തുകളിൽ 45 റൺസെടുത്ത മാക്സ്‌വലിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗാണ് ഓസ്ട്രേലിയയെ 350 കടത്തിയത്.

Story Highlights india lost to australia in first odi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top