Advertisement

കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ട്; ഇ.ഡിയ്ക്ക് ആർബിഐയുടെ മറുപടി

November 28, 2020
Google News 1 minute Read
rbi reply on ed probe against kiifb

കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് മറുപടിയുമായി ആർബിഐ. കിഫ്ബി പോലുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് മസാലബോണ്ടുകൾ ഇറക്കാൻ അനുവാദം നൽകാൻ വ്യവസ്ഥയുണ്ടെന്ന് റിസർവ് ബാങ്ക്. 2018 ജൂൺ 1 ന് കിഫ്ബിക്ക് മസാലബോണ്ട് ഇറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും ആർ.ബി.ഐ വ്യക്തമാക്കി.

എന്നാൽ സംസ്ഥാനങ്ങൾ വിദേശത്ത് നിന്ന് പണം സമാഹരിക്കുന്ന വിഷയത്തിൽ തീരുമാനത്തിനോ അഭിപ്രായം രേഖപ്പെടുത്താനോ സാധിക്കില്ലെന്നും ആർബിഐ നിലപാട് സ്വീകരിച്ചു. ആർബിഐ അനുമതി കിഫ്ബിക്ക് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ലെന്നും ആർബിഐ ഇ.ഡിയെ അറിയിച്ചു.

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് അഥവ ഫെമ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് മസാല ബോണ്ട് ഇറക്കാൻ അവസരം നൽകുന്നുണ്ട്. ഈ വ്യവസ്ഥ പരിഗണിച്ച് അപേക്ഷയുടെ അടിസ്ഥാനത്തിൽ കിഫ്ബിക്കും മസാല ബോണ്ട് ഇറക്കാൻ അനുവാദം നൽകിയിരുന്നു. 2018 ജൂണിലാണ് ഇത് സമ്പന്ധിച്ച തിരുമാനം കൈകൊണ്ട് സംസ്ഥാനത്തിന് രേഖാമൂലം അനുവാദം നൽകിയതെന്ന് ആർബിഐ വ്യക്തമാക്കുന്നു. മസാല ബോണ്ടിനെക്കുറിച്ചു വിവരങ്ങൾ ചോദിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഡപ്യൂട്ടി ഡയറക്ടർ കഴിഞ്ഞ 19ന് റിസർവ് ബാങ്കിന് കത്തയച്ചിരുന്നു. വായ്പാ റജിസ്ട്രേഷന് കിഫ്ബി നൽകിയ വിവരങ്ങൾ, അനുമതിക്ക് റിസർവ് ബാങ്ക് നിർദേശിച്ച വ്യവസ്ഥകൾ, കിഫ്ബിക്ക് ലഭിച്ച വായ്പയുടെ വിശദാംശങ്ങൾ എന്നിവയാണ് ഇ.ഡി ആവശ്യപ്പെട്ടത്. ‌

കേന്ദ്ര സർക്കാരിൽ നിന്നുൾപ്പെടെ മറ്റെന്തെങ്കിലും അനുമതി ആവശ്യമെങ്കിൽ അതു വാങ്ങേണ്ട ബാധ്യത കിഫ്ബിക്കും, എല്ലാ അനുമതിയുമുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം വായ്പ കൈകാര്യം ചെയ്യുന്ന ബാങ്കിനുമാണ്. തങ്ങൾ നൽകുന്ന അനുമതി, സ്ഥാപനത്തിന് വായ്പയെടുക്കാനുള്ള ശേഷിയുണ്ടെന്നതിനുള്ള സാക്ഷ്യപത്രമല്ല. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള വായ്പ പരിധിയിൽ കിഫ്ബിയുടെ വിദേശ വായ്പ ഉൾപ്പെടുമോ, പണത്തിന്റെ തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെ, ഭരണഘടനാ വ്യവസ്ഥകൾ ബാധകമോ, തുടങ്ങിയവ പരിശോധിക്കാൻ തങ്ങൾക്ക് ബാധ്യത ഇല്ലെന്നും ആർബിഐ ഇ.ഡിയോട് വിശദീകരിച്ചു.

Story Highlights rbi reply on ed probe against kiifb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here