എയര്‍ ഇന്ത്യാ വിമാനം വൈകിപ്പിച്ചു; യാത്രക്കാര്‍ കാത്തിരുന്നു; രക്ഷിക്കാനായത് നാല് ജീവനുകള്‍

സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമോ, കാലാവസ്ഥ മോശമായതു മൂലമോ പലപ്പോഴും വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകാറുണ്ട്. എന്നാല്‍ ഒരു എയര്‍ ഇന്ത്യാ വിമാനം ഇക്കാരണത്താലൊന്നുമല്ലാതെ വൈകി. എന്തിനാണെന്നല്ലേ ? നാലുപേരുടെ ജീവന്‍ രക്ഷിക്കാന്‍.
ജയ്പ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് വൈകിപ്പിച്ചത്. സംഭവം ഇങ്ങനെ. ജയ്പ്പൂരില്‍ മരിച്ച നാല്‍പത്തിയൊന്‍പതുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ചികിത്സയിലുള്ളവര്‍ക്ക് അവയവങ്ങള്‍ നല്‍കാനായിരുന്നു തീരുമാനം. കൃത്യസമയത്ത് അവയവങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തേണ്ടതുണ്ടായിരുന്നു. ഇതിനായി അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയായിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാനത്തെ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും വിമാനക്കമ്പനിയും സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സുമെല്ലാം ഒത്തൊരുമിച്ച് നിന്നതോടെ കാര്യങ്ങള്‍ വേഗത്തില്‍ നടപ്പിലാവുകയായിരുന്നു. അവയവങ്ങള്‍ വേഗത്തില്‍ ഡല്‍ഹിയിലേക്ക് ആദ്യം പുറപ്പെടുന്ന വിമാനത്തില്‍ തന്നെ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രാത്രി 8.15 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ഇന്ത്യയുടെ വിമാനം വൈകിപ്പിക്കുകയായിരുന്നു.
വിമാനം പുറപ്പെടാന്‍ അല്‍പസമയം വൈകുമെന്നും ദാനം ചെയ്ത അവയവങ്ങള്‍ ഡല്‍ഹിയിലേക്ക് എത്തിക്കാനാണെന്നും വിമാന കമ്പനി അധികൃതര്‍ യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ അവയവങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുന്നതും കാത്തിരുന്നു. അരമണിക്കൂര്‍ നേരം കൊണ്ട് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍ അവയവങ്ങളുമായി എയര്‍പോര്‍ട്ടില്‍ എത്തി. തുടര്‍ന്ന് 9.28 ഓടെ വിമാനം ഡല്‍ഹിക്ക് പുറപ്പെടുകയായിരുന്നു.
Story Highlights – Taking harvested organs just in time: A delayed flight that saved four lives
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here