Advertisement

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണം: പ്രതിപക്ഷ നേതാവ്

November 30, 2020
1 minute Read

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിന്റെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി റെയ്ഡിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തത്. ധനകാര്യ മന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരായി നിശിത വിമര്‍ശനമാണ് നടത്തിയത്. ആ വിമര്‍ശനം ഉണ്ടായപ്പോള്‍ പോലും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. വിജിലന്‍സ് അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എന്തുകൊണ്ട് പുറത്തുവിടുന്നില്ല. സാധാരണഗതിയില്‍ ഒരു വിജിലന്‍സ് റെയ്ഡ് നടന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടും. ഇപ്പോള്‍ പുറത്തുവരുന്നത് വിജിലന്‍സ് അന്വേഷണം നിര്‍ത്തിവച്ചുവെന്നാണ്. കേരളത്തിലെ വിജിലന്‍സ് സിപിഐഎം പറയുന്നത് കേള്‍ക്കണമെന്ന നിലപാടാണുള്ളത്.

കെഎസ്എഫ്ഇ നല്ല നിലയില്‍ നടന്നിരുന്ന സ്ഥാപനമാണ്. ജനങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്ന സ്ഥാപനമാണ്. ഇടത് മുന്നണിയുടെ നാലര വര്‍ഷത്തെ ഭരണം കൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി. ചിട്ടിയില്‍ ഗുരുതരമായ ക്രമക്കേട് നടക്കുന്നു. വ്യാപകമായ കൊള്ളയാണ് നടക്കുന്നത്. ഇതൊന്നും അന്വേഷിക്കേണ്ടെന്നാണോ ധനകാര്യ മന്ത്രി പറയുന്നത്. ഒരന്വേഷണവും വേണ്ട എന്ന നിലപാടാണോ സര്‍ക്കാരിനുള്ളത്. പാര്‍ട്ടി നേതൃത്വം വിജിലന്‍സ് റെയ്ഡിനെതിരെ വരുന്നതിന്റെ അര്‍ത്ഥമെന്താണ്. തങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം വിജിലന്‍സ് അന്വേഷിക്കണമെന്നാണോ സര്‍ക്കാരിന്റെ നിലപാട്. വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ സിപിഐഎമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുകയാണോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

Story Highlights KSFE vigilance raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top