കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരുമെന്ന് കര്‍ഷകര്‍

Negotiations between the Central Government and the farmers' organizations failed

കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. പ്രശ്‌നപരിഹാരത്തിനായി വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി. ഡിസംബര്‍ മൂന്നിന് കര്‍ഷക സംഘടനാ നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും.

‘ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാരില്‍ എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധനപരമായ പരിഹാരമോ ആകട്ടേ. അവരുടമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും’ കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കര്‍ഷകരോട് സമരം അവസാനിപ്പിച്ച് കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. എന്നാല്‍ ഈ തീരുമാനം കര്‍ഷക യൂണിയനെയും കര്‍ഷകരെയും ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളോടുളള അതൃപ്തി വ്യക്തമാക്കിയ കര്‍ഷകര്‍, നിയമങ്ങള്‍ തങ്ങളുടെ കൃഷിനിലത്തെ കോര്‍പറേറ്റുകള്‍ ഏറ്റെടുക്കുന്നത് സുഗമമാക്കുന്നതാണെന്നും പറഞ്ഞു. സമിതി രൂപീകരിക്കേണ്ട സമയമല്ലിതെന്നും നടപടിയാണ് വേണ്ടതെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി. 35 പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു നേരത്തെ കര്‍ഷകരുടെ തീരുമാനം. എന്നാല്‍, പിന്നീട് സംഘടനകള്‍ കൂടിയാലോചിച്ച ശേഷം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ തുടങ്ങിയവര്‍ ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Story Highlights Negotiations between the Central Government and the farmers’ organizations failed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top