വന്‍കിട കമ്പനികളുടെ ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും സര്‍വീസ് നടത്താമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍

വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസ് സര്‍വീസ് നടത്താമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ വെള്ളിയാഴ്ച ഉന്നതതലയോഗം ചേരും.
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഗതാഗത നിയമം മോട്ടോര്‍ വാഹന വ്യവസായത്തെ തകര്‍ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍. പലതവണ വിയോജിപ്പുകള്‍ അറിയിച്ചിട്ടുംഅതൊന്നും പരിഗണിക്കാതെ കേന്ദ്രം നിയമം അടിച്ചേല്‍പിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.കെഎസ്ആര്‍ടിസിക്കുള്ള മരണ മണിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിയമമെന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പ്, കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വെള്ളിയാഴ്ച ചേരും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.വന്‍കിട കമ്പനികള്‍ക്ക് പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന്‍ കേന്ദ്രം അനുമതി നല്‍കി ഉത്തരവിറക്കിയെന്നാണ് റിപ്പോര്‍ട്ട്.അഗ്രഗേറ്റര്‍ ലൈസന്‍സ് എടുത്താല്‍ ഏത് റൂട്ടിലും ടിക്കറ്റ് നല്‍കി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും.അഞ്ചുവര്‍ഷത്തേക്ക് അഞ്ചുലക്ഷം രൂപയാണ് ലൈസന്‍സ് ഫീസ്. 100 ബസുകളും 1000 മറ്റു വാഹനങ്ങളും ഉള്ള കമ്പനികള്‍ ഒരുലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണം. സഹകരണനിയമപ്രകാരം രജിസ്ട്രര്‍ചെയ്ത സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
Story Highlights – State government opposes central government’s decision to allow buses to operate on any route without a permit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here