Advertisement

കൊവിഡ് എത്തിച്ചത് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രോഗാവസ്ഥയില്‍; വീണ്ടും പൊരുതാനുറച്ച് യുവ ഡോക്ടര്‍

December 2, 2020
Google News 2 minutes Read
young doctor is determined to fight covid again

കൊവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്‌നങ്ങള്‍. കൊവിഡാനന്തരം ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മയോകാര്‍ഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകള്‍ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവര്‍ത്തകരുടെ സഹകരണം കൊണ്ടും മാത്രമാണെന്ന് ഡോക്ടര്‍ പറയുന്നു. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ.രാശി കുറുപ്പ്.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2020 ഒക്ടോബര്‍ 23 നാണ് രാശി കലൂര്‍ പി.വി.എസ് കൊവിഡ് അപെക്‌സ് സെന്ററില്‍ എത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത്, സന്നദ്ധ പ്രവര്‍ത്തകയായിട്ടായിരുന്നു പ്രവേശനം. ഒന്നര വയസുള്ള മകളുടെ സംരക്ഷണം വീട്ടുകാരെ ഏല്‍പ്പിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയതില്‍ ഭര്‍ത്താവ് ശ്യാംകുമാറിന്റെ പൂര്‍ണ പിന്തുണയും ഉണ്ടായിരുന്നു. ജോലിയില്‍ പ്രവേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നു ഫലം. പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കൊവിഡ് പോസിറ്റീവായി. പിവിഎസ് ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ച് അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍ പെട്ട കൊവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപ ത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്.

പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോഴാണ് കൊവിഡ് ശരീരത്തില്‍ അവശേഷിപ്പിച്ച മറ്റ് അസുഖങ്ങള്‍ പുറത്തു വരുന്നത്. സംസാരിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ. നെഞ്ചുവേദനയും ശ്വാസം മുട്ടും വിട്ടുമാറുന്നില്ല. വിശദമായ ഹൃദയ പരിശോധനയില്‍ മൈനര്‍ ഹൃദയാഘാതത്തിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയാണ് മനസിലായത്. കൊവിഡ് ഭേദമായ ചിലരിലെങ്കിലും കാണുന്ന അവസ്ഥ. കുഞ്ഞിനെ താലോലിക്കാന്‍ പോലും കഴിയാതെ മുഴുവന്‍ സമയ വിശ്രമവുമായി പിന്നീട് കഴിച്ചുകൂട്ടി. മരുന്നുകള്‍ കൊണ്ട് ആശ്വാസം കിട്ടിയെങ്കിലും പൂര്‍ണമായും ഭേദമായില്ല. ഇപ്പോഴും സംസാരിക്കുമ്പോഴും കിതപ്പാണ്. നെഞ്ചുവേദന കുറഞ്ഞു വരുന്നു. മരുന്നുകള്‍ തുടരുകയാണ്.

വീണ്ടും ജോലിയില്‍ തുടരണോ എന്ന് നിരവധി പേര്‍ സംശയം ചോദിച്ചു. പക്ഷേ രാശി സംശയമില്ലാതെ തീരുമാനമെടുത്തു. വീണ്ടും ജോലിയില്‍ പ്രവേശിക്കണം. രോഗിയായിരുന്നപ്പോള്‍ എനിക്കു ലഭിച്ച പരിചരണം തന്നെയാണ് തീരുമാനത്തിനു പിന്നില്‍. സഹപ്രവര്‍ത്തകര്‍ തന്ന സാന്ത്വനം വളരെ വലുതാണ്. ഇനിയും അവരോടൊപ്പം നിന്ന് രോഗികളെ ശുശ്രൂഷിക്കണം. കൊവിഡിനെതിരെയുള്ള പോരാട്ടം തുടരാന്‍ രാശി കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും ജോലിയില്‍ പ്രവേശിച്ചു. ജയ്പൂരില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ രാശി ആലപ്പുഴ സ്വദേശികളായ എം.ജി.രാധാകൃഷ്ണന്റെയും ശോഭയുടെയും മകളാണ്. ഭര്‍ത്താവ് ശ്യാംകുമാര്‍ എഞ്ചിനീയറാണ്.

Story Highlights young doctor is determined to fight covid again

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here