പുരുഷ ടീമിനു മുൻപ് വനിതാ ടീം ഫുട്ബോൾ ലോകകപ്പ് കളിക്കും; 2027 ലോകകപ്പിൽ യോഗ്യത നേടുമെന്ന് എഐഎഫ്എഫ്

Indian womens football Fifa

പുരുഷ ടീമിനു മുൻപ് വനിതാ ടീം ഫുട്ബോൾ ലോകകപ്പ് കളിക്കുമെന്ന് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. 2027 ഫിഫ ലോകകപ്പിന് ഇന്ത്യൻ വനിതാ സംഘം യോഗ്യത നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 വനിതാ ലോകകപ്പ് ടീം അംഗങ്ങളുമായുള്ള വിർച്വൽ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വനിതാ ടീമിന്റെ ഫിഫ റാങ്കിങ് പുരുഷ ടീമിന്റേതിനേക്കാൾ മികച്ചതാണ്. പുരുഷ ടീമിന് നൽകുന്ന ശ്രദ്ധയുടെ പകുതി പോലും വനിതാ ടീമിന് ലഭിക്കാതെ നിൽക്കുന്ന സാഹചര്യത്തിലാണ് അവരുടെ ഈ നേട്ടം. ഈ കുട്ടികൾ വളരുമ്പോൾ, പുരുഷ ടീമിനു വളരെ മുൻപ് വനിതാ ടീം ലോകകപ്പ് കളിക്കുമെന്നാണ് പ്രതീക്ഷ. 2027 ലോകകപ്പിൽ പ്രതീക്ഷയുണ്ട്.”- പട്ടേൽ പറഞ്ഞു.

കായികമന്ത്രി കിരൺ റിജിജുവും വിർച്വൽ യോഗത്തിൽ ഉണ്ടായിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹം പങ്കുവച്ചത്. സമീപഭാവിയിൽ തന്നെ വനിതാ ടീം ലോകകപ്പ് കളിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ ഫിഫ റാങ്കിൽ 55ാം സ്ഥാനത്താണ് ഇന്ത്യൻ വനിതാ ടീം. 159 രാജ്യങ്ങളാണ് വനിതാ ഫുട്‌ബോൾ കളിക്കുന്നത്. പുരുഷ ടീം 210 രാജ്യങ്ങളിൽ 104ാം റാങ്കിലാണ്.

ഈ വർഷത്തെ അണ്ടർ 17 ഫിഫ ലോകകപ്പിന് ഇന്ത്യയായിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് ടൂർണമെന്റ് 2022ലേക്ക് മാറ്റി. 2022ൽ ടൂർണമെന്റ് ഇന്ത്യയിൽ വെച്ച് തന്നെ നടക്കും. നിലവിൽ അണ്ടർ 17 ടീമിലുള്ള എട്ട് കളിക്കാർക്ക് 2022ലും കളിക്കാനാവും.

Story Highlights Indian women’s football team will reach Fifa World Cup much before the men: AIFF

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top