ISL പ്രതിസന്ധി; ‘പ്രശ്നത്തിന് ഉടൻ പരിഹാരം ഉണ്ടാക്കും, കരാറിൽ അന്തിമ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ’; AIFF

ഐഎസ്എൽ പ്രതിസന്ധിയ്ക്ക് ഉടൻ പരിഹാരം ഉണ്ടാക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. സംപ്രേഷണാവകാശ കരാർ സംബന്ധിച്ച് ടൂർണമെന്റ് നടത്തിപ്പുകാരായ FDSLമായി ചർച്ചകൾ അന്തിമഘട്ടത്തിൽ ആയിരുന്നു. എന്നാൽ സുപ്രീംകോടതി നിർദ്ദേശം വന്നതോടെ ഇത് നിർത്തിവയ്ക്കേണ്ടി വന്നുവെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിശദമാക്കി.
കോടതിയിൽ നിന്ന് അനുകൂല വിധി വന്നാലുടൻ കരാറിൽ അന്തിമ ധാരണ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കി. ഐഎസ്എൽ തുടരാൻ ആകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും AIFF വാർത്താക്കുറിപ്പിൽ അറിയിച്ചു. പുതിയ സീസൺ ഉടൻ തുടങ്ങില്ലെന്ന് ടൂർണമെന്റ് നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് അറിയിച്ചിരുന്നു. അനിശ്ചിത കാലത്തേക്കാണ് സീസൺ മാറ്റിവെച്ചത്.
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാർ ഡിസംബറിൽ അവസാനിക്കും. ഇത് പുതുക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നില്ല. ഇതാണ് ഐഎസ്എൽ നടത്തിപ്പിന് തിരിച്ചടിയായത്. സെപ്റ്റംബറിൽ ആണ് പുതിയ സീസൺ തുടങ്ങേണ്ടിയിരുന്നത്. കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ടൂർണമെന്റ് നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലാഭവിഹിതം എങ്ങനെ വീതിക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് നാളുകളായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതാണ് ഐഎസ്എൽ വൈകാൻ കാരണമായത്. സീസൺ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Story Highlights : AIFF says will find a solution to the ISL crisis soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here