സിബിഐയ്ക്ക് രൂക്ഷ വിമര്‍ശനം; ലാവ്‌ലിന്‍ കേസ് വീണ്ടും സുപ്രിംകോടതി മാറ്റിവച്ചു

സിബിഐ വീണ്ടും അപേക്ഷിച്ചതിനെ തുടര്‍ന്ന് ലാവ്‌ലിന്‍ കേസ് സുപ്രിം കോടതി മാറ്റിവച്ചു. അതൃപ്തി അറിയിച്ച കോടതി ജനുവരി 7ന് കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി. നിരന്തരം കേസ് മാറ്റണമെന്ന സിബിഐയുടെ ആവശ്യത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം കേസില്‍ വെറുതേ വിട്ട കേരള ഹൈക്കോടതി വിധിക്ക് എതിരെ ആയിരുന്നു സിബിഐയുടെ അപ്പീല്‍. രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്ത കേസില്‍ ശക്തമായ വാദങ്ങളുമായി സിബിഐ വരണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു.
Read Also : ലാവ്‌ലിന്‍ കേസ്; ഹെെക്കോടതി വിധിക്ക് എതിരെ സിബിഐ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും
ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സിബിഐക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. പിന്നിട് കേസ് പരിഗണിച്ചപ്പോഴൊക്കെ രേഖകളും കുറിപ്പും സമര്‍പ്പിക്കാന്‍ സിബിഐ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് മാറ്റി വയ്ക്കുകയായിരുന്നു.
2017ലാണ് പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ഹൈക്കോടതി നടപടി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രിംകോടതിയിലുണ്ട്.
Story Highlights – lavalin case, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here