ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു.
ബാലഭാസ്‌കറിന്റെ മരണത്തിന് എട്ട് മാസം മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയുണ്ടെന്നു അച്ഛന്‍ കെ.സി. ഉണ്ണി അടക്കമുള്ള ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഐയുടെ നിര്‍ണായക നീക്കം. ബാലഭാസ്‌കര്‍ മരിക്കുന്നതിന് എട്ടുമാസം മുന്‍പാണ് 82 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നത്. അപേക്ഷാ ഫോമിലെ കൈ ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ പോളിസി തുക തടഞ്ഞു വച്ചിരിക്കുകയായിരുന്നു ഇന്‍ഷുറന്‍സ് കമ്പനി.
പോളിസി രേഖകളില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പറും ഇ – മെയില്‍ വിലാസവുമാണുള്ളത്. വിഷ്ണുവിന്റെ സുഹൃത്തായ ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ മുഖേനയാണ് പോളിസിയെടുത്തിരിക്കുന്നതെന്ന് സിബിഐ കണ്ടെത്തി. ഐആര്‍ഡിഎ ചട്ടങ്ങള്‍ ലംഘിച്ച് പ്രീമിയം ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസറിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് അടച്ചത്. സംശയങ്ങള്‍ ബലപ്പെട്ട സാഹചര്യത്തിലാണ് പ്രീമിയം ആര് അടച്ചു എന്നതിലും, എങ്ങനെ അടച്ചു എന്നതിലും സിബിഐ അന്വേഷണം ശക്തമാക്കിയത്.
എല്‍ഐസി മാനേജര്‍, ഇന്‍ഷുറന്‍സ് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്‌കറിനെ ചികിത്സിച്ച ആശുപത്രിയുടെ ഉടമ, ഡോക്ടര്‍മാര്‍ എന്നിവരെയും അപകടത്തിന്റെ ദൃക്‌സാക്ഷികളെന്ന് കരുതുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജിയെയും കണ്ടക്ടര്‍ വിജയനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
Story Highlights – Balabhaskar death: CBI extends probe into insurance policy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here