ദക്ഷിണേന്ത്യയില്‍ വേരുകള്‍ ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് ബലമായി ബിജെപിക്ക് ഹൈദരാബാദിലെ നേട്ടം

ദക്ഷിണേന്ത്യയില്‍ വേരുകള്‍ ശക്തമാക്കാനുള്ള നീക്കങ്ങള്‍ക്ക് ബലം പകരുന്നതാണ് ബിജെപിക്ക് ഹൈദരാബാദിലെ നേട്ടം. ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചപ്പോള്‍ ടിആര്‍എസിന് 55 ഉം എഐഎംഐഎമ്മിന് 44 സീറ്റുകളാണ് ലഭിച്ചത്. പത്ത് ഇരട്ടിയോളം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സാധിച്ച തെലുങ്കാനയില്‍ ബിജെപി ഇനി ലക്ഷ്യമിടുക 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പാകും. തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹൈദരാബാദ് മാതൃകയില്‍ വേരുകള്‍ ശക്തമാക്കാനാണ് ബിജെപിയുടെ ഇനിയുള്ള ലക്ഷ്യം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ദുര്‍ബലമാക്കിയ മുന്‍ തന്ത്രം തന്നെ ആകും ഇതിനായ് ദക്ഷിണേന്ത്യയിലും ബിജെപി പുറത്തെടുക്കുന്നത്.
2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തെലുങ്കാനയില്‍ കിട്ടിയത് ഒരു സീറ്റാണ്. അതായത് വോട്ട് ശതമാനം 7.1 ശതമാനം മാത്രം. തൊട്ടടുത്ത വര്‍ഷം നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ആയി അത് ഉയര്‍ന്നു. വോട്ട് ശതമാനം വര്‍ധിച്ചത് 19.5 ശതമാനം ആയി. ദുബ്ബാക്ക് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പ് വിജയം ഹൈദരാബാദിലേക്ക് ബിജെപിയുടെ ശ്രദ്ധ തിരിച്ചു. 24 മണ്ഡലങ്ങളിലായി പരന്നുകിടക്കുന്ന ജിഎച്ച്എംസിയിലെ ചെറിയ വിജയം പോലും നിയമസഭയില്‍ ശക്തമാകാനുള്ള പാര്‍ട്ടിയുടെ നീക്കങ്ങള്‍ക്കു കരുത്താകും എന്ന തിരിച്ചറിവായിരുന്നു അതിന് കാരണം.
തെലങ്കാനയില്‍ ആകെയുള്ളത് 119 നിയമസഭാ മണ്ഡലങ്ങളാണ്. എഐഎംഐഎമ്മിന്റെ പിന്തുണ ഇല്ലാതെ ഹൈദരാബാദ് കോര്‍പറേഷനില്‍ ഇനി ടിആര്‍എസിന് ഭരണം തുടരാനാകില്ല. ഇതോടെ ഫലത്തില്‍ സംസ്ഥാനത്ത് മുഖ്യപ്രതിപക്ഷപര്‍ട്ടിയായ് ബിജെപി മാറും. 2023 ലെ തെരഞ്ഞെടുപ്പ് പ്രചാരണമാകും ഇതോടെ ബിജെപി മുന്‍കൂറായി തുടങ്ങുക. ഹൈദരാബാദില്‍ ചുവടുറപ്പിച്ച ബിജെപി അവിടെ നിന്നും അടുത്തതായി ലക്ഷ്യമിടുന്നത് തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പാണ്. പ്രാദേശിക പാര്‍ട്ടികളെ സ്വന്തം ആവശ്യത്തിന് സൃഷ്ടിക്കാനും ഉപയോഗിക്കാനും ആവശ്യത്തിന് ശേഷം ഇല്ലാതാക്കാനും ഉള്ള പദ്ധതി ആകും ഇവിടെ ബിജെപി പുറത്തെടുക്കുക.
സ്പിരിച്വല്‍ പൊളിറ്റിക്‌സ് എന്ന സംഘപരിവാര്‍ ആശയം പ്രഖ്യാപിച്ച് നിലവില്‍ വരുന്ന രജനികാന്തിന്റെ പാര്‍ട്ടിയുടെ സന്നിധ്യം അടക്കം ബിജെപിക്ക് ആകും നേട്ടം നല്‍കുക. ദ്രാവിഡ രാഷ്ട്രീയ ഭൂമിയില്‍ ചുവടുറപ്പിക്കുക വഴി 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് മാത്രം 100 സീറ്റുകള്‍ നേടുക എന്നതാണ് ബിജെപി ലക്ഷ്യം. കേരളം, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും കൂടുതല്‍ ശക്തി ആര്‍ജ്ജിക്കാനുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി ആവിഷ്‌കരിക്കും. ദക്ഷിണേന്ത്യയിലെ രാഷ്ട്രിയ ഇടപെടല്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നയപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി അടുത്ത ഫെബ്രുവരിയില്‍ ത്രിദിന സമ്മേളനം സംഘടിപ്പിക്കും.
Story Highlights – BJP strengthen its roots in South India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here