രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദത്തില്‍

Rajiv Gandhi Biotechnology Center

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ആര്‍എസ്എസ് ആചാര്യന്‍ എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദത്തില്‍. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. വര്‍ഗീയത എന്ന രോഗം പരത്തിയല്ലാതെ ഗോള്‍വാള്‍ക്കറിന് ശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളതെന്ന് ശശി തരൂര്‍ ചോദിച്ചു. ഗോള്‍വാള്‍ക്കറിന്റെ പേരു നല്‍കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര തീരുമാനത്തെ സിപിഐഎം നേതാക്കളും എതിര്‍ത്തു.

തിരുവനന്തപുരം രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിന്റെ രാജ്യാന്തര ശാസ്ത്രമേള ഉദ്ഘാടനം ചെയ്താണ് കേന്ദ്ര തീരുമാനം ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ പ്രഖ്യാപിച്ചത്. ആക്കുളത്തെ രണ്ടാം കാമ്പസിന്റെ പേര് ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോപ്ലക്സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍സ് എന്നു നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതിനെതിരെയാണ് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയത്. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മിക്കപ്പെടേണ്ടത് 1966ല്‍ വിഎച്ച്പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ?എന്നും ശശി തരൂര്‍ ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവനും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തി. ആര്‍ജിബിടിസിയുടെ രണ്ടാം കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, സിപിഐഎം പിബി അംഗം എംഎ ബേബി എന്നിവരും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്തെത്തി.

Story Highlights Rajiv Gandhi Biotechnology Center; naming of MS Golwalkar is in controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top