സിഡ്നിയിൽ ബൗണ്ടറി വിരുന്ന്; ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ടി-20 മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് ഓസ്ട്രേലിയ നേടിയത്. 58 റൺസെടുത്ത മാത്യു വെയ്ഡ് ആണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. സ്റ്റീവ് സ്മിത്ത് (46), ഹെൻറിക്കസ് (26) തുടങ്ങിയവരും തിളങ്ങി. ഇന്ത്യക്കായി നടരാജൻ 2 വിക്കറ്റ് വീഴ്ത്തി.
തുടക്കം മുതൽ തന്നെ ആക്രമണാത്മക ബാറ്റിംഗ് ആണ് ഓസീസ് കാഴ്ച വെച്ചത്. ഫിഞ്ചിനു പകരം മാത്യു വെയ്ഡ് ആയിരുന്നു ക്യാപ്റ്റൻ. വെയ്ഡ് തന്നെയാണ് ഡാർസി ഷോർട്ടിനൊപ്പം ബാറ്റിംഗ് ഓപ്പൺ ചെയ്യാനെത്തിയത്. ആദ്യ പന്ത് മുതൽ ആക്രമണം ആരംഭിച്ച വെയ്ഡ് ശരവേഗത്തിലാണ് സ്കോർ ചെയ്തത്. ചില മിസ്‌ഹിറ്റുകൾ ഫീൽഡറുടെ കൈകളിലെത്താതെ ബൗണ്ടറി തൊട്ടത് താരത്തിൻ്റെ ഭാഗ്യവും വിളിച്ചോതി. ഡാർസി ഷോർട്ടിനെ (9) ശ്രേയാസ് അയ്യരുടെ കൈകളിലെത്തിച്ച നടരാജൻ ആണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ആദ്യ വിക്കറ്റിൽ 47 റൺസാണ് ഷോർട്ട്-വെയ്ഡ് സഖ്യം കൂട്ടിച്ചേർത്തത്. ഇതിനിടെ 25 പന്തുകളിൽ വെയ്ഡ് ഫിഫ്റ്റി തികച്ചു. ഫിഫ്റ്റിക്ക് പിന്നാലെ വെയ്ഡ് (58) മടങ്ങി. താരം റണ്ണൗട്ടാവുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ ഗ്ലെൻ മാക്സ്‌വൽ-സ്റ്റീവ് സ്മിത്ത് സഖ്യവും സ്കോറിംഗ് റേറ്റ് താഴാതിരിക്കാൻ ശ്രദ്ധിച്ചു. 45 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ആക്രമിച്ച് കളിച്ച മാക്‌സ്‌വൽ (22) ശർദ്ദുൽ താക്കൂറിൻ്റെ പന്തിൽ വാഷിംഗ്‌ടൺ സുന്ദർ പിടിച്ചാണ് പുറത്തായി. നാലാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത്-മോയിസസ് ഹെൻറിക്കസ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 48 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇവർ ഉയർത്തിയത്. സ്മിത്തിനെ (46) ഹർദ്ദിക്കിൻ്റെ കൈകളിൽ എത്തിച്ച ചഹാൽ ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടടുത്ത ഓവറിൽ ഹെൻറിക്കസിനെ (26) നടരാജൻ രാഹുലിൻ്റെ കൈകളിൽ എത്തിച്ചു. മാർക്കസ് സ്റ്റോയിനിസ് (16), ഡാനിയൽ സാംസ് (8) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – australia innings india 2nd t 20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here