രാജ്യത്തെ ഏറ്റവും ശക്തമായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിദ്യാ വിനോദ്

രാജ്യത്തെ ഏറ്റവും ശക്തമായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ വിദ്യ വിനോദ്. സ്വയം വളർന്നുവന്ന വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിനിയായ വിദ്യ വിനോദ് ഇടം നേടിയത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനമാണ് വിദ്യ കരസ്ഥമാക്കിയത്. ഫ്‌ളവേഴ്‌സ് ചാനലിന്റെ വൈസ് ചെയർപേഴ്‌സൺ കൂടിയാണ് വിദ്യ വിനോദ്.

കൊട്ടക് വെൽത്തും ഹുറൂൺ ഇന്ത്യയും ചേർന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയിൽ ഇടംപിടിച്ച 100 വനിതാ സമ്പന്നരിൽ 31 പേരും സ്വയം വളർന്നു വന്നവരാണ്. എച്ച്‌സിഎൽ ടെക്നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ളത്. 54,850 കോടി രൂപയാണ് റോഷ്‌നിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി ബയോകോണിന്റെ കിരൺ മസൂംദർ ഷാ രണ്ടാം സ്ഥാനവും 21,340 കോടി രൂപയുടെ ആസ്തിയുമായി ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനവും നേടി. മുംബൈ കേന്ദ്രമായുള്ള മരുന്ന് കമ്പനിയുടെ ഉടമയാണ് ലീന ഗാന്ധി.

വനിതാ സമ്പന്നരുടെ ശരാശരി പ്രായം 53 ആണ്. പട്ടികയിൽ ഇടംപിടിച്ചവരിൽ 19 പേർ 40 വയസിന് താഴെയുള്ളവരാണ്. സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് 2020ലെ വനിതാ സമ്പന്നരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Story Highlights – Vidya Vinod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top