വെയ്ഡും മാക്സ്‌വലും തകർത്തു; മൂന്നാം ടി-20യിൽ ഇന്ത്യക്ക് 187 റൺസ് വിജയലക്ഷ്യം

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസെടുത്തത്. ഓസ്ട്രേലിയക്കായി 80 റൺസെടുത്ത മാത്യു വെയ്ഡ് ആണ് ടോപ്പ് സ്കോറർ ആയത്. ഗ്ലെൻ മാക്സ്‌വലും (54) തിളങ്ങി. ഇന്ത്യക്കായി വാഷിംഗ്‌ടൺ സുന്ദർ 2 വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വിരാട് കോലിയുടെ തീരുമാനം ശരിവെക്കുന്ന തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ (0) വാഷിംഗ്‌ടൺ സുന്ദർ ഹർദ്ദിക് പാണ്ഡ്യയുടെ കൈകളിൽ എത്തിച്ചു. മൂന്നാം നമ്പറിലെത്തിയ സ്മിത്ത് ടൈമിംഗ് കണ്ടെത്താൻ കഴിയാതെ വിഷമിച്ചപ്പോൾ മാത്യു വെയ്ഡ് ഇന്ത്യൻ ബൗളർമാരെ നിഷ്ഠൂരം തല്ലിച്ചതച്ചു. തുടർച്ചയായ രണ്ടാം ഫിഫ്റ്റിയും താരം സ്വന്തമാക്കി. ഇതിനിടെ സ്മിത്ത് (24) പുറത്തായി. സുന്ദറിൻ്റെ പന്തിൽ കുറ്റി തെറിച്ച് മടങ്ങുമ്പോൾ രണ്ടാം വിക്കറ്റിൽ വെയ്ഡുമായി ചേർന്ന് 65 റൺസിൻ്റെ കൂട്ടുകെട്ടിലും സ്മിത്ത് പങ്കാളിയായിരുന്നു.
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന മാക്സ്‌വൽ-വെയ്ഡ് സഖ്യം കൂറ്റൻ ഷോട്ടുകളുമായി ഇന്ത്യൻ ബൗളിംഗിനെ അനായാസം കൈകാര്യം ചെയ്തു. നടരാജൻ്റെ പന്തിൽ എൽബിഡബ്ല്യു റിവ്യൂ എടുക്കാൻ വൈകിയതും നോ ബോളിൽ ചഹാൽ മാക്സ്‌വലിൻ്റെ വിക്കറ്റെടുത്തതും നിർഭാഗ്യത്തിൻ്റെ രൂപത്തിൽ ഇന്ത്യക്ക് തിരിച്ചടിയായി. ഇരുവരും ആക്രമണ മോഡിലെത്തിയതോടെ സ്കോർ കുതിച്ചു. ഇതിനിടെ 40 റൺസിൽ നിൽക്കെ ഷർദ്ദുൽ താക്കൂർ മാക്സ്‌വലിൻ്റെ ക്യാച്ച് നഷ്ടപ്പെടുത്തി. 31 പന്തുകളിൽ മാക്സ്‌വൽ ഫിഫ്റ്റി തികച്ചു.
മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസാണ് കൂട്ടിച്ചേർത്തത്. 19ആം ഓവറിൽ വെയ്ഡ് പുറത്തായി. 53 പന്തുകളിൽ 80 റൺസെടുത്ത വെയ്ഡിനെ വിക്കറ്റിനു മുന്നിൽ കുരുക്കിയ ഷർദ്ദുൽ താക്കൂർ ആണ് ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ നൽകിയത്. അവസാന ഓവറിലെ ആദ്യ പന്തിൽ മാക്സ്‌വെലിൻ്റെ കുറ്റി പിഴുത നടരാജൻ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 36 പന്തുകളിൽ 54 റൺസെടുത്താണ് മാക്സ്‌വൽ മടങ്ങിയത്. ഡാർസി ഷോർട്ട് (7) റണ്ണൗട്ടായി. കളി അവസാനിക്കുമ്പോൾ മോയിസസ് ഹെൻറിക്കസ് (5), ഡാനിയൽ സാംസ് (4) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – asutralia first innings vs india 3rd t-20
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here