കെ. എം ഷാജിക്കെതിരായ കൈക്കൂലിക്കേസ്; മുസ്ലിം ലീ​ഗ് കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ മൊഴിയെടുത്തു

കെ. എം ഷാജി എംഎൽഎയ്ക്കെതിരായ കൈക്കൂലിക്കേസിൽ വിജിലൻസ് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പി. കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുത്തു. അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ.എം ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് അന്വേഷണം. ഷാജിയെ ഉടൻ ചോദ്യം ചെയ്തേക്കും.

കണ്ണൂർ സിറ്റി അഞ്ചു കണ്ടിയിലെ വീട്ടിൽവച്ചാണ് പി. കുഞ്ഞിമുഹമ്മദിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തിയത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിൻ്റെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം മൊഴിയെടുത്തു. അഴീക്കോട് ഹൈസ്കൂളിന് കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പ്ലസ്ടു കോഴ്സ് അനുവദിച്ചതിന്റെ പേരിൽ കെ. എം ഷാജി സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. കെ. എം ഷാജി കോഴ വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നാണ് വിജിലൻസിൻ്റെ എഫ്ഐആർ. ഷാജി പണം വാങ്ങിയതായി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്ന് ലീഗിൻ്റെ പ്രാദേശിക നേതാവായിരുന്ന നൗഷാദ് പൂതപ്പാറയും വിജിലൻസിന് മൊഴി നൽകിയിരുന്നു. ലീഗ് ജില്ലാ യോഗങ്ങളുടെ മിനുട്സും സംഘം പരിശോധിക്കുന്നുണ്ട്. വിജിലൻസ് ഉടൻ കെ.എം ഷാജി എം.എൽ.എയെ ചോദ്യം ചെയ്തേക്കും. സംഭവവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡഡയറക്ടറേറ്റ് കഴിഞ്ഞ മാസം ഷാജിയെ ചോദ്യം ചെയ്തിരുന്നു.  എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതൽ കെ. എം ഷാജിയുടെ നിലപാട്.

Story Highlights K M Shaji, Vigilance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top