Advertisement

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ക്രമീകരണത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളായി

December 9, 2020
2 minutes Read
Local elections; Became guidelines for the counting of votes

തദ്ദേശ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് ഡിസംബര്‍ 16 ന് വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 16ന് രാവിലെ എട്ട് മുതലാണ് ആരംഭിക്കുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമ്മീഷന്റെ ‘ട്രെന്‍ഡ്’ സോഫ്റ്റ് വെയറില്‍ തത്സമയം അപ്ലോഡ് ചെയ്യും.

കൃത്യമായ ക്രമീകരണം

ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്. ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത്് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരാമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയില്‍ വേണം കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കേണ്ടത്. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കണം.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ വാങ്ങേണ്ടത്. വോട്ടെണ്ണല്‍ ആരംഭിക്കേണ്ടത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ വേണം. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണേണ്ടത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.

വിവരങ്ങള്‍ ട്രെന്‍ഡ് വഴി

ട്രെന്‍ഡ് സോഫ്റ്റ് വെയറിലേയ്ക്ക് വോട്ടിംഗ് വിവരം അപ്ലോഡ് ചെയ്യാനായി കൗണ്ടിംഗ് സെന്ററില്‍ ബ്ലോക്ക് വരണാധികാരിയുടെ ഹാളിന് സമീപവും, നഗരസഭകളിലെ കൗണ്ടിംഗ് സെന്ററുകളിലും ഡേറ്റാ അപ്ലോഡിംഗ് സെന്ററിന് വേണ്ടി പ്രത്യേക മുറി സജ്ജീകരിക്കും. ഓരോ പോളിംഗ് സ്റ്റേഷന്റെയും വോട്ട് നിലവാരം രേഖപ്പെടുത്തുന്നതിന് ട്രെന്‍ഡ് സൈറ്റില്‍ നിന്ന് കൗണ്ടിംഗ് സ്ലിപ്പ് മുന്‍കൂറായി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കണം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറക്ക് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ ഇതില്‍ ഫലം രേഖപ്പെടുത്തണം. തുടര്‍ന്ന് സ്ലിപ്പ് ഡേറ്റാ അപ് ലോഡിംഗ് സെന്ററില്‍ എത്തിക്കണം. ഡേറ്റാ അപ്ലോഡിംഗ് സെന്ററില്‍ ലഭിക്കുന്ന കൗണ്ടിംഗ് സ്ലിപ്പ് ഫോറത്തിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ട്രെന്‍ഡില്‍ കൃത്യതയോട് കൂടി എന്‍ട്രി ചെയ്യുന്നുണ്ടെന്ന് അപ്ലോഡിംഗ് സെന്ററിലെ സൂപ്പര്‍വൈസര്‍മാര്‍ ഉറപ്പാക്കും. വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ സൂക്ഷിക്കേണ്ട രേഖകളും കണ്‍ട്രോള്‍ യൂണിറ്റിലെ ഡിറ്റാച്ചബിള്‍ മെമ്മറി മോഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കും. എന്നാല്‍ നഗരസഭകളുടെ കാര്യത്തില്‍ രേഖകളോടൊപ്പം ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കും. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.

Story Highlights Local elections; Became guidelines for the counting of votes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top