Advertisement

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു’: മാധ്യമ വാർത്തകൾക്കെതിരെ സത്താർ പന്തല്ലൂർ

11 hours ago
2 minutes Read
sathar panthalloor skssf controversy

സ്കൂൾ സമയമാറ്റത്തിലെ മാധ്യമ വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടിയാലോചിച്ച ശേഷം ആയിരിക്കും ചർച്ചയിൽ അവതരിപ്പിക്കേണ്ട കരട് തയ്യാറാക്കൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്ന പേരിൽ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണെന്ന ധാരണയിൽ ദീപിക പത്രം മുഖപ്രസംഗം എഴുതി. വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ടുവന്ന പരിഷ്കരണം വിവാദമാക്കി വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുന്നു. സർക്കാർ ഇതിന് അവസരം നൽകരുതായിരുന്നുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

മദ്രസകളുടെ കാര്യം പറയാൻ പാടില്ലെന്ന് ചിലർ തിട്ടൂരം ഇറക്കുന്നു. അതൊന്നും തൽക്കാലം ഇവിടെ വിലപ്പോകില്ല. വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതണ്ട എന്നും സത്തല്‍ സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.

സത്തർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചത്

വിദ്വേഷ പ്രചാരകരെ
കരുതിയിരിക്കുക
സ്കൂൾ സമയമാറ്റത്തിൽ സമസ്ത ചില ആശങ്കകൾ സംസ്ഥാന സർക്കാറിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കോടതി വിധിയും ചില അധ്യാപക സംഘടനകളുടെ ഇടപെടലുമൊക്കെയാണ് വിഷയം ഈ അവസ്ഥയിലേക്ക് എത്താൻ സർക്കാറിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ആദ്യമൊക്കെ വിദ്യാഭ്യാസ മന്ത്രി നിഷേധാത്മക സമീപനം സ്വീകരിച്ചെങ്കിലും ഇപ്പോൾ ചർച്ചക്ക് സന്നദ്ധമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചർച്ച ചെയ്യാൻ സമസ്ത കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം ചേർന്നിരുന്നു. സ്കൂൾ സമയമാറ്റം രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പലവിധത്തിൽ ദോഷകരമായി ബാധിക്കുന്നതു പോലെ മദ്രസകളേയും ബാധിക്കുമെന്ന് യോഗം വിലയിരുത്തി. സർക്കാർ വിളിക്കുന്ന ചർച്ചയിൽ സമസ്തയുടെ ആശങ്കകളും നിർദ്ദേശങ്ങളും ഉന്നയിക്കാൻ ധാരണയായി. നിയമപരമായും മറ്റും എല്ലാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമേ അതിൻ്റെ കരട് രേഖ തയ്യാറാവൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൻ എന്ന പേരിൽ ചില മാധ്യമങ്ങൾ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഓണം, കൃസ്മസ് അവധികളിലെല്ലാം സമസ്ത ഇടപെടുന്നുവെന്നാണ് ചില ഇവരുടെ കല്ല് വെച്ച നുണകൾ. ഇത് ശരിയാണന്ന ധാരണയിൽ അതിനെ എതിർത്ത് ദീപിക പത്രം ഇന്ന് മുഖപ്രസംഗവും എഴുതി. അതും മാധ്യമങ്ങൾക്ക് വാർത്തയായി. വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ട് വന്ന ഒരു പരിഷ്കരണം വിവാദമാക്കി, വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുകയാണ് ചിലർ. സർക്കാർ ഇതിനൊന്നും അവസരം കൊടുക്കരുതായിരുന്നു. എന്നാൽ ഈ അവസരം മുതലെടുത്ത് വിദ്വേഷ പ്രചാരണം നടത്താൻ പലരും രംഗത്തിറങ്ങിക്കഴിഞ്ഞു. മാധ്യമങ്ങളുടെ ഈ കുതന്ത്രങ്ങൾ തിരിച്ചറിയാൻ നമുക്ക് കഴിയണം
1951 മുതൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മത വിദ്യാഭ്യാസ സംവിധാനമാണ് സമസ്തയുടെ മദ്രസകൾ. പതിനായിരത്തിലധികം മദ്രസകളിൽ പന്ത്രണ്ട് ലക്ഷം വിദ്യാർത്ഥികൾ വ്യവസ്ഥാപിതമായി പഠനം നടത്തുന്ന ബൃഹത്തായ സംവിധാനം. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമയക്രമം മദ്രസകളെ ബാധിക്കാതിരിക്കാൻ 1967 ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയ (G.O.189/67 Education Dept. Date :28.4.1967) നാടാണ് കേരളം. അഥവാ സർക്കാറുകൾ അത്തരം സംവിധാനങ്ങളെ കൂടി പരിഗണിച്ചിരുന്നുവെന്നർത്ഥം. എന്നാൽ മദ്രസകളുടെ കാര്യം പറയാൻ പാടില്ലെന്ന് തിട്ടൂരവുമായിട്ടാണ് ചിലർ രംഗത്ത് വരുന്നത്. അതൊന്നും തത്ക്കാലം ഇവിടെ വിലപ്പോവില്ല. അതിൽ വിരണ്ട പല മത സംഘടനകളും മൗനം പാലിക്കുന്നുണ്ടാവും. എന്നാൽ വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതേണ്ടതില്ല.

Story Highlights : sathar panthaloor against news school timing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top