‘മെസി എന്റെ ശത്രുവല്ല, ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് ഉള്ളത്’; ക്രിസ്ത്യാനോ റൊണാൾഡോ

ലയണൽ മെസിയുമായുള്ള ബന്ധത്തെപ്പറ്റി മനസ്സു തുറന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ. മെസിയുമായി ആത്മാർത്ഥമായ ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം തൻ്റെ ശത്രുവല്ലെന്നും താരം പറഞ്ഞു. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അദ്ദേഹത്തെ ശത്രുവായി ഞാൻ കണ്ടിട്ടേയില്ല. മെസി അദ്ദേഹത്തിൻ്റെ ടീമിനു വേണ്ടിയും ഞാൻ എൻ്റെ ടീമിനു വേണ്ടിയും മികച്ച പ്രകടനം നടത്താൻ ശ്രമിക്കുന്നു. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. അദ്ദേഹത്തോട് ചോദിക്കുകയാണെങ്കിലും ഇത് തന്നെയാവും അഭിപ്രായം. ഞങ്ങൾ തമ്മിൽ ആത്മാർത്ഥമായ ബന്ധമാണ് ഉള്ളത്. മുൻപ് പറഞ്ഞിട്ടുള്ളതു പോലെ 12, 13, 14 വർഷങ്ങളായി ഞങ്ങൾ ഒരുമിച്ച് പുരസ്കാരങ്ങൾ സ്വീകരിക്കുന്നു. ഫുട്ബോൾ കൂടുതൽ ആവേശകരമാവാൻ ആളുകൾ വൈരം സൃഷ്ടിക്കുകയാണ്.”- ക്രിസ്ത്യാനോ പറഞ്ഞു.
Read Also : ‘ഗോട്ടു’കൾ മുഖാമുഖം; രണ്ട് ഗോളടിച്ച് ക്രിസ്ത്യാനോ; യുവന്റസിന് തകർപ്പൻ ജയം
മത്സരത്തിൽ യുവൻ്റസ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സലോണയെ തകർത്തിരുന്നു. ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്.
ജയത്തോടെ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനക്കാരായി യുവൻ്റസും രണ്ടാം സ്ഥാനക്കാരായി ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് രണ്ടാം ഘട്ടത്തിൽ പ്രവേശിച്ചു. ഇരു ടീമുകൾക്കും 15 പോയിൻ്റുകൾ വീതമാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസമാണ് യുവൻ്റസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.
Story Highlights – Never saw Lionel Messi as a rival: Cristiano Ronaldo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here