‘ഗോട്ടു’കൾ മുഖാമുഖം; രണ്ട് ഗോളടിച്ച് ക്രിസ്ത്യാനോ; യുവന്റസിന് തകർപ്പൻ ജയം

Juventus barcelona cristiano ronaldo

2 വർഷത്തെയും ഏഴ് മാസത്തെയും ഇടവേളയ്ക്ക് ശേഷം ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസിയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം യുവൻ്റസ് താരത്തിന്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ബാഴ്സയെ കീഴടക്കിയ ഇറ്റാലിയൻ ക്ലബിനു വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി. പെനാൽറ്റിയിലൂടെയാണ് ക്രിസ്ത്യാനോ രണ്ട് ഗോളുകളും നേടിയത്. അമേരിക്കൻ യുവതാരം വെസ്റ്റൺ മക്കെന്നിയാണ് മറ്റൊരു ഗോൾ നേടിയത്.

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ അവസാന മത്സരമായിരുന്നു ഇത്. ടൂറിനിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ക്രിസ്ത്യാനോ ഉണ്ടായിരുന്നില്ല. കൊവിഡ് ബാധിച്ച് താരം പുറത്തായിരുന്നതു കൊണ്ട് തന്നെ ഈ മത്സരത്തിനായി ഫുട്ബോൾ ലോകം കാത്തിരിക്കുകയായിരുന്നു. എവേ മത്സരത്തിൽ ബാഴ്സ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ, അതിനെ കവച്ചുവെക്കുന്ന പ്രകടനമാണ് ഇന്ന് യുവൻ്റസ് നടത്തിയത്.

കളി തുടങ്ങി ആദ്യ 20 മിനിട്ടുകളിൽ തന്നെ യുവൻ്റസ് 2 ഗോളിനു മുന്നിലെത്തി. 13ആം മിനിട്ടിൽ ക്രിസ്ത്യാനോയും മക്കൻസി 20ആം മിനിട്ടിലുമാണ് ഗോൾ നേടിയത്. 52ആം മിനിട്ടിലായിരുന്നു ക്രിസ്ത്യാനോയുടെയും യുവൻ്റസിൻ്റെയും മൂന്നാം ഗോൾ. കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയെങ്കിലും ക്രോസ് ബാറിനു കീഴിൽ ബഫണിൻ്റെ ഗംഭീര പ്രകടനവും ഫിനിഷിംഗിലെ പാളിച്ചകളും ബാഴ്സയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. മെസിയുടെ ഷോട്ടുകൾ ഒന്നിലധികം തവണയും അവസാന ഘട്ടത്തിൽ റിക്ക്വി പുജ്ജിൻ്റെ ഷോട്ടും ബഫൺ ഒന്നാംതരമായാണ് സേവ് ചെയ്തത്. വാർ പലപ്പോഴും കളിയിൽ നിർണായകമായി.

ജയത്തോടെ ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനക്കാരായി യുവൻ്റസും രണ്ടാം സ്ഥാനക്കാരായി ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് രണ്ടാം ഘട്ടത്തിൽ പ്രവേശിച്ചു. ഇരു ടീമുകൾക്കും 15 പോയിൻ്റുകൾ വീതമാണ് ഉള്ളതെങ്കിലും ഗോൾ വ്യത്യാസമാണ് യുവൻ്റസിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

Story Highlights Juventus beat barcelona 3-0 cristiano ronaldo scored brace

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top