Advertisement

SFI നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം; 16 പ്രതികളുടെ വിചാരണ അടുത്തമാസം

July 2, 2025
Google News 1 minute Read

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വർഷം. 2018 ജൂലൈ 2 നാണ് കാമ്പസ് ഫ്രണ്ട് പ്രവർത്തകർ മഹാരാജാസ് കോളേജിൽ വച്ച് അഭിമന്യു എന്ന മിടുക്കനായ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യു വധക്കേസിലെ 16 പ്രതികളുടെയും വിചാരണ ഉടൻ ആരംഭിക്കാനിരിക്കെയാണ് അഭിമന്യുവിന്റെ ഓർമ്മദിനം.

മഹാരാജാസ് കോളേജ് ഇടനാഴികളിൽ അഭിമന്യുവിന്റെ ശബ്ദം മുഴങ്ങാതായിട്ട് 7 വർഷം പിന്നിട്ടു. എങ്കിലും വട്ടവടക്കാരനായ തങ്ങളുടെ പ്രിയ കൂട്ടുകാരനെ ഒരു കാലത്തും മറക്കില്ല എന്ന പ്രതിജ്ഞ പുതുക്കുകയാണ് മഹാരാജാസിലെ പുതുതലമുറ.വർഗീയതയ്ക്കും മത തീവ്രവാദത്തിനുമെതിരെ മഹാരാജാസ് കോളേജിന്റെ ചുമരിൽ അഭിമന്യു കുറിച്ചിട്ട വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യത്തിന് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടെന്ന ഓർമ്മപ്പെടുത്തലുമായാണ് ഇന്ന് അഭിമന്യു ദിനം കടന്നു വന്നത്. പുലർച്ചെ 12 മണിക്ക് പതിവുപോലെ അഭിമന്യു കുത്തേറ്റ് വീണ ഇടത്ത് സഹപാഠികൾ ഒത്തുകൂടി. വർഗീയതയ്ക്കെതിരെ മരണം വരെ പോരാടും എന്ന മുദ്രാവാക്യം മുഴക്കി. വർഗീയ വിരുദ്ധ ചുവരെഴുത്തും നടത്തും.

രാവിലെ 11 മണിക്ക് മറൈൻ ഡ്രൈവിൽ നിന്ന് കോളേജിലേക്ക് വിദ്യാർഥി റാലി സംഘടിപ്പിക്കും. എസ് എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി അടക്കമുള്ള വിദ്യാർഥി നേതാക്കൾ പങ്കെടുക്കും. അഭിമന്യുവിന്റെ ഓർമ്മ നിലനിർത്താനായി ഏർപ്പെടുത്തിയ വിദ്യാർഥി അവാർഡുകളുടെ വിതരണവും ചടങ്ങിൽ നടക്കും. അഭിമന്യു കൊലപാതക കേസിലെ 16 പ്രതികളുടെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് ഈ വർഷം രക്തസാക്ഷി ദിനം കടന്നു വന്നതെന്ന പ്രത്യേകതയും ഉണ്ട്.

Story Highlights : seven years since SFI leader Abhimanyu was murdered

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here