പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. 17ആം വയസ്സിൽ ഇന്ത്യക്കായി ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറിയ താരം 18 വർഷം നീണ്ട ക്രിക്കറ്റ് കരിയറിനു ശേഷമാണ് പാഡഴിക്കുന്നത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പാർത്ഥിവ് തന്നെയാണ് വിവരം അറിയിച്ചത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.
“ഇന്ന്, ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. 18 വർഷത്തെ ക്രിക്കറ്റ് യാത്രക്കാണ് ഞാൻ അവസാനം കുറിക്കുന്നത്. പലരോടും എനിക്ക് നന്ദിയുണ്ട്. 17 വയസ്സുള്ള ഒരു പയ്യനെ ഇന്ത്യൻ ടീമിൽ കളിപ്പിക്കാൻ ബിസിസിഐ ആത്മവിശ്വാസം കാട്ടി. കരിയർ തുടക്കത്തിൽ എന്നെ നയിക്കുകയും പിന്തുണക്കുകയും ചെയ്ത ബിസിസിഐയോട് ഞാൻ കടപ്പാടറിയിക്കുന്നു. എൻ്റെ യാത്രയിൽ ഒപ്പമുണ്ടാവുകയും എനിക്ക് ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കുകയും ചെയ്ത ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനോടും എനിക്ക് നന്ദിയുണ്ട്.”- അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2002ൽ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചത്. 25 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 31.13 ശരാശരിയിൽ 934 റൺസാണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം. 38 ഏകദിനങ്ങളും 2 ടി-20കളും അദ്ദേഹം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ സമനില പിടിക്കാൻ ഒരു മണിക്കൂറോളമാണ് അദ്ദേഹം ക്രീസിൽ പിടിച്ചുനിന്നത്. ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായിരുന്നു. എംഎസ് ധോണിയുടെ വരവോടെ ടീമിൽ ഇടം നഷ്ടമായ താരം പിന്നീട് 2016ൽ ടീമിൽ തിരികെയെത്തി. മികച്ച ചില ഇംന്നിംഗ്സുകളും തിരിച്ചുവരവിൽ അദ്ദേഹം കളിച്ചു.
Story Highlights – Parthiv Patel Announces Retirement From All Forms Of Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here