തദ്ദേശപ്പോര്; ഫലം അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളില്‍ മുന്നണികള്‍

local body election; political Fronts calculations

രണ്ടാം ഘട്ടത്തിലെ തദ്ദേശപ്പോരില്‍ ഏറ്റവും ശ്രദ്ധേയം കോട്ടയത്തെ കേരള കോണ്‍ഗ്രസുകളുടെ ബലപരീക്ഷണമാണ്. പാലക്കാട്ടെയും, തൃശൂരിലെയും ബിജെപി പ്രകടനമാണ് രണ്ടാം ഘട്ടത്തില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്ന മറ്റൊരു ഘടകം. എറണാകുളം, വയനാട് ജില്ലകളില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനാവുമോയെന്നതും പ്രധാന ചോദ്യമാണ്.

കേരള കോണ്‍ഗ്രസുകളുടെ ശാക്തിക ബല പരീക്ഷണത്തില്‍ ഏത് ചേരി നേട്ടമുണ്ടാക്കും?, സര്‍ക്കാരിന്റെ വിലയിരുത്തല്‍ എങ്ങനെ പ്രതിഫലിക്കും?, ബിജെപിക്ക് പ്രതീക്ഷിക്കുന്ന പ്രകടനം പുറത്തെടുക്കാനാകുമോ? അങ്ങനെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു പിടി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ബാലറ്റ് പെട്ടിക്കുള്ളിലായിക്കഴിഞ്ഞു. ഇന്ന് പൂര്‍ത്തിയായ രണ്ടാം ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം കോട്ടയത്തെ കേരള കോണ്‍ഗ്രസുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ തന്നെ. ഫലം എന്തായാലും കേരള കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ഭാവിയും വിലപേശല്‍ ശേഷിയും നിര്‍ണയിക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പെന്ന് ഉറപ്പ്. ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശം എന്ത് ഫലുണ്ടാക്കുമെന്നതിലാണ് രാഷ്ട്രീയ കൗതുകമേറെ. ജോസഫ് ഗ്രൂപ്പിനും ഏറെ നിര്‍ണായകം. രണ്ട് തവണ തുടര്‍ച്ചയായി കൊച്ചി കോര്‍പറേഷന്‍ ഭരണം പിടിച്ച യുഡിഎഫിന് മൂന്നാം ടേമിലെ ഫലം അതീവ പ്രാധാന്യമുള്ളത്. കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷകളുള്ള ജില്ലകളില്‍ പ്രഥമ സ്ഥാനവും എറണാകുളത്തിന് തന്നെ. എന്നാല്‍ അട്ടിമറി പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

രണ്ടാം ഘട്ടത്തില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂര്‍ കോര്‍പറേഷനിലേക്ക് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. പാലക്കാട് നഗരസഭയില്‍ നേട്ടം ആവര്‍ത്തിക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തല്‍. തൃശൂരും, പാലക്കാടും പൊതുവിലുള്ള അധിപത്യം ഇടതിന് നിലനിര്‍ത്താനാകുമോയെന്നതും ശ്രദ്ധേയ ചോദ്യം. രാഹുല്‍ ഗാന്ധി വയനാടിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റ് അംഗമായതിന് ശേഷം നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പെന്നതാണ് വയനാട്ടിലെ ജനവിധിയുടെ രാഷ്ട്രീയ പ്രാധാന്യം. കോവിഡ് ആശങ്കള്‍ക്കിടെയും രേഖപ്പെടുത്തിയ മികച്ച പോളിംഗ് വ്യക്തമായ ട്രന്റിന്റെ സൂചന നല്‍കുന്നുവെന്നാണ് നീരീക്ഷക പക്ഷം.

Story Highlights local body election; political Fronts calculations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top