ഫ്‌ളാറ്റ് തട്ടിപ്പ് കേസ്; ഹീര കൺസ്ട്രക്ഷൻസ് എംഡി ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദാക്കി

ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ പ്രതിയായ ഹീര കൺസ്ട്രക്ഷൻസ് എംഡി ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ ഉപാധികൾ ലംഘിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ റിമാൻഡിലായതിന് പിന്നാലെ പ്രതിയുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ ഉൾപ്പെടെയുള്ളവരുടെ ഫ്‌ളാറ്റ് ഉടമകൾ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയിൽ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലാണ് ഹീര കൺസ്ട്രക്ഷൻസ് എംഡി ഹീര ബാബു അറസ്റ്റിലായത്. പിന്നീട് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചെങ്കിലും എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിർദേശം നൽകിയിരുന്നു.
എന്നാൽ, പ്രതി കേസ് അന്വേഷണം അട്ടിമറിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല. ശാരീരിക അസ്വാസ്ഥ മൂലം എറണാകുളത്തും കൊട്ടിയത്തുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായില്ല എന്നായിരുന്നു പ്രതി കോടതിയിൽ വ്യക്തമാക്കിയത്. പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ആശുപത്രി പി.ആർ.ഒ യുടെ നിർദേശപ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിക്കാൻ പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ജി.പി ജയകൃഷ്ണൻ പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു.
Story Highlights – Flat fraud case; Heera Constructions MD Heera Babu’s bail was canceled by the court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here