യുഡിഎഫിന്റെ മേല്‍ക്കെെ തെരഞ്ഞെടുപ്പില്‍ പ്രകടം: പി കെ കുഞ്ഞാലിക്കുട്ടി എംപി

യുഡിഎഫിന്റെ മേല്‍ക്കെെ തെരഞ്ഞെടുപ്പില്‍ പ്രകടം എന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചപ്പോളെല്ലാം എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ് തന്നെയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിക്കും. എല്‍ഡിഎഫിന്റെത് അവകാശവാദം മാത്രമായി നിലനില്‍ക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി.
അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്നും മുല്ലപ്പള്ളി. എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂടാതെ 2015ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ വ്യക്തമാക്കി. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസം ഹസന്‍ വീണ്ടും പരസ്യമാക്കി. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലം. പോളിംഗ് ശതമാനത്തിലെ വര്‍ധനവ് യുഡിഎഫ് തരംഗത്തിന്റെ ഭാഗമെന്നും എം എം ഹസന്‍. വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യും. ജോസ് കെ മാണി മുന്നണി വിട്ടത് ഒരുതരത്തിലും തിരിച്ചടിയാകില്ലെന്നും ഹസന്‍.
Story Highlights – pk kunalikutty mp, udf, local body election