സഭാ നേതൃത്വത്തിന്റെ പ്രസ്താവന; ‘പ്രതിസന്ധികളില്‍ ഒപ്പം നിന്നവര്‍’ ആര്? നെഞ്ചിടിപ്പോടെ മുന്നണികള്‍

പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് യാക്കോബായ സഭാ നേതൃത്വം വോട്ടെടുപ്പ് ദിവസം പറഞ്ഞത്. ഇടത് സര്‍ക്കാര്‍ പ്രതിസന്ധി ഘട്ടത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നുവെന്നും യാക്കോബായ സഭാ മെത്രാപ്പോലിത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയസ് പറഞ്ഞിരുന്നു. ഇതോടെ ഇടത് ക്യാമ്പ് ആശ്വാസത്തിലാണ്. വലിയൊരു ശതമാനം വോട്ടും തങ്ങള്‍ക്കു ലഭിക്കുമെന്നാണ് ഇടത് ക്യാമ്പിന്റെ പ്രതീക്ഷ.

എന്നാല്‍, സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരില്‍ നിന്ന് നീതി നിഷേധം ഉണ്ടായെന്ന വിലയിരുത്തലിലാണ് ഓര്‍ത്തഡോക്‌സ് സഭ. സഭാ വിശ്വാസികള്‍ ഇത് തിരിച്ചറിഞ്ഞ് വിവേകപൂര്‍വം തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണമെന്നാണ് സഭാ നേതൃത്വം വിശ്വാസികളെ അറിയിച്ചത്.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും പ്രത്യേക പിന്തുണയില്ലെന്ന് ലത്തീന്‍ സഭ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ പറഞ്ഞിരുന്നു.

പ്രാദേശിക വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. സമൂഹത്തിന് നല്ലത് ചെയ്യുന്ന വ്യക്തികള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കണം. ഒരു പാര്‍ട്ടിയോടും അനുകൂലമോ പ്രതികൂലമോ ആയ നിലപാട് സഭ സ്വീകരിക്കില്ലെന്നും കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ.ജോസഫ് കരിയില്‍ പറഞ്ഞിരുന്നു. ഇതും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.

സാമ്പത്തിക സംവരണ വിഷയത്തില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ ലത്തീന്‍ സഭ പക്ഷെ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ വിരുദ്ധതയില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പ്രാദേശികമായി പല രൂപതകളും നിലപാട് വ്യക്തമാക്കുന്നുണ്ട്.

Story Highlights – local body election- church leadership

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top