ശക്തി തെളിയിക്കാന്‍ ജോസ് കെ. മാണി; രണ്ടിലയ്ക്ക് പഴയ കരുത്തുണ്ടോയെന്ന് കാത്ത് മുന്നണികള്‍; ചെണ്ടയില്‍ പ്രതീക്ഷയുമായി പി.ജെ. ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഏറെ ശ്രദ്ധേയം. ഫലം വരുമ്പോള്‍ കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം. ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തിന് ഈ തെരഞ്ഞെടുപ്പില്‍ ആവശ്യമാണ്.
കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവും മുന്‍നിരയിലുള്ള കോട്ടയം ജില്ലയില്‍ യുഡിഎഫിനും ഇത് അഭിമാന പോരാട്ടമാണ്. ജോസ് കെ. മാണി പോയത് മുന്നണിക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമാണ്.
യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം. ജോസ് – ജോസഫ് പക്ഷത്തെ സംബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കേണ്ടതും പാലാ നഗരസഭ പിടിക്കേണ്ടതും അഭിമാന പ്രശ്‌നമാണ്. കോട്ടയം ജില്ലയില്‍ ശക്തമായ സാന്നിധ്യമായാല്‍ നിയമസഭാ ഇലക്ഷനില്‍ പാലായില്‍ സീറ്റ് തരപ്പെടുത്തേണ്ടതും ജോസ് കെ. മാണി വിഭാഗത്തിന്റെ ആവശ്യമാണ്. അവസാന നിമിഷത്തില്‍ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ. മാണി.
ജില്ലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു ബിജെപിയും. പള്ളിക്കത്തോട്, ചിറക്കടവ് പഞ്ചായത്തുകളില്‍ ഭരണം പിടിക്കാമെന്നും നഗരസഭകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടലുകള്‍.
വോട്ടിംഗ് ശതമാനത്തിലെ കുറവും; പരമ്പരാഗത കേരളാ കോണ്‍ഗ്രസ് വോട്ടുകളും
73.92 ശതമാനമായിരുന്നു ജില്ലയിലെ ഇത്തവണത്തെ വോട്ടിംഗ് ശതമാനം. വോട്ടിംഗ് ശതമാനത്തിലുണ്ടായ കുറവ് ഫലത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ അഞ്ച് ശതമാനത്തോളം കുറവ് വോട്ടുകളാണ് ഇത്തവണ കോട്ടയം ജില്ലയില്‍ രേഖപ്പെടുത്തിയത്. 2015 ല്‍ 79.04 ആയിരുന്നു കോട്ടയത്തെ പോളിംഗ് ശതമാനം.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയ ഇടങ്ങളില്‍ പോലും ഇത്തവണ വോട്ട് ശതമാനം കുറഞ്ഞു. പരമ്പരാഗത കേരള കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് ആര്‍ക്കാനുകൂലമാണെന്നത് നിര്‍ണായകമാകും. ഈരാറ്റുപേട്ട, വൈക്കം തുടങ്ങിയ നഗരസഭകളില്‍ ഉണ്ടായ വോട്ടിംഗ് ശതമാനത്തിലെ ഉയര്‍ച്ച യുഡിഎഫിന് അനുകൂലമാകുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
ബ്ലോക്ക് തലംവരെ ത്രികോണ മത്സരം
ബ്ലോക്ക് തലം വരെ ത്രികോണ മത്സരമെന്ന് പറയാവുന്ന തലത്തിലാണ് കോട്ടയത്തെ മത്സരം. ബിജെപിയും പി.സി. ജോര്‍ജിന്റെ ജനപക്ഷവും പ്രചാരണത്തില്‍ ഏറെ മുന്നേറിയിരുന്നു. ഇവര്‍ക്കുള്ള സ്വാധീനവും ഇത്തവണ മത്സരത്തില്‍ നിര്‍ണായകമാകും. ചില വാര്‍ഡുകളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കൂട്ടായ്മയുടെ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്ത് എത്തിയിരിക്കുന്നത് മുന്നണികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.
2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് 11 സീറ്റുകളാണ് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് അനുവദിച്ചത്. ഇതില്‍ ആറിടത്ത് കേരളാ കോണ്‍ഗ്രസ് എം വിജയിച്ചിരുന്നു. എട്ടിടത്ത് കോണ്‍ഗ്രസും. ഇത്തവണ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് പി.ജെ. ജോസഫ് വിഭാഗത്തിന് എട്ട് സീറ്റും എല്‍ഡിഎഫ് ജോസ് കെ മാണി വിഭാഗത്തിന് ഒന്‍പത് സീറ്റുമാണ് മത്സരിക്കാന്‍ നല്‍കിയിരിക്കുന്നത്. ജനപക്ഷം നാല് സീറ്റുകളിലും മത്സരിക്കുന്നുണ്ട്. പി.സി. ജോര്‍ജ് മകന്‍ ഷോണ്‍ ജോര്‍ജിനെയും ഇത്തവണ മത്സര രംഗത്ത് ഇറക്കിയിട്ടുണ്ട്. പൂഞ്ഞാര്‍ ജില്ലാ ഡിവിഷനിലാണ് മത്സരം.
നഗരസഭകളിലെ വോട്ടിംഗ് ശതമാനം
- ചങ്ങനാശേരി – 71.22
- കോട്ടയം – 72.01
- വൈക്കം – 75.99
- പാലാ 71.05
- ഏറ്റുമാനൂര്‍ -71.97
- ഈരാറ്റുപേട്ട 85.35
ബ്ലോക്ക് പഞ്ചായത്തുകളിലെ പോളിംഗ് ശതമാനം
- പാമ്പാടി – 74.82
- മാടപ്പള്ളി – 70.97
- വൈക്കം – 80.2
- കാഞ്ഞിരപ്പള്ളി – 73.43
- പള്ളം – 73.94
- വാഴൂര്‍ – 74.26
- കടുത്തുരുത്തി – 75.47
- ഏറ്റുമാനൂര്‍ – 75.83
- ഉഴവൂര്‍ – 70.15
- ളാലം – 72.95
- ഈരാറ്റുപേട്ട – 74.95
Story Highlights – local body election kottayam – jose k mani –
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here