Advertisement

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ആര് ?; തിരിച്ച് പിടിക്കുമെന്ന് എല്‍ഡിഎഫ്, നിലനിര്‍ത്തുമെന്ന് യുഡിഎഫ്, ജില്ലയില്‍ നിലമെച്ചപ്പെടുത്തുമെന്ന് ബിജെപി

December 15, 2020
Google News 3 minutes Read
Local body elections; Kasargod Expectations

2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് കാസര്‍ഗോഡ് എല്ലാ മുന്നണികള്‍ക്കും അഭിമാന പോരാട്ടമാണ്. 2015ല്‍ നഷ്ടമായ ജില്ലാ തിരിച്ചുപിടിക്കുക എന്നതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന ലക്ഷ്യം. ഇത്തവണ ജില്ലാ പഞ്ചായത്തില്‍ കൈയില്‍ നിന്നും പോയ പിലിക്കോട്, പുത്തിഗെ ഡിവിഷന് പുറമെ രണ്ട് ഡിവിഷനുകളില്‍ കൂടി വിജയം ഉറപ്പാണ് എന്നാണ് ഇടതുമുന്നണിയുടെ വാദം. ലോകസഭ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലതുമുന്നണിക്ക് ആശങ്കകളേതുമില്ല. ഇടതുസര്‍ക്കാരിനെതിരായ ജനവികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് നേതാക്കള്‍ ഉറപ്പിക്കുന്നു. സിപിഐഎം കേന്ദ്രങ്ങളില്‍ ഭീഷണികളെ അതിജീവിച്ചാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍ ജനങ്ങളെ സമീപിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ഇത്തവണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. കഴിഞ്ഞ തവണ അഞ്ച് പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി രണ്ട് പഞ്ചായത്തില്‍ ഭരണം നേടിയ ബിജെപി കൂടുതല്‍ പഞ്ചായത്തുകള്‍ നേടുമെന്ന വിശ്വാസമാണ് പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മികച്ച മുന്നേറ്റമാണ് മുന്നണികള്‍ ജില്ലയില്‍ പ്രതീക്ഷിക്കുന്നത്.

പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്

പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ് മാത്രമാണ് കാസര്‍ഗോഡ് ജില്ലയില്‍ രേഖപ്പെടുത്തിയത്. 2015 ലെ
78.43 എന്ന പോളിംഗ് ശതമാനത്തോളം എത്തിയില്ലെങ്കിലും ജില്ലയില്‍ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള മൂന്ന് നഗരസഭകളില്‍ നീലേശ്വരത്ത് മാത്രമാണ് 80 ശതമാനത്തിനു മുകളില്‍ പോളിംഗുണ്ടായത്. കാസര്‍ഗോഡും, കാഞ്ഞങ്ങാടും കഴിഞ്ഞ തെരഞ്ഞെടുപ്പിലും കുറവ് വോട്ടാണ് പോള്‍ ചെയ്തത്. ആറ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് 82.07 ശതമാനം. ഏറ്റവും കുറവ് കാസര്‍ഗോഡ് ബ്ലോക്കില്‍ 72.86 ശതമാനം.

അതേസമയം 38 ഗ്രാമപഞ്ചായത്തുകളില്‍ ഒരിടത്തും 90 ശതമാനത്തിന് മുകളില്‍ പോള്‍ ചെയ്തിട്ടില്ല. 2015ല്‍ കയ്യൂര്‍ ചീമേനി, പിലിക്കോട്, മടിക്കൈ പഞ്ചായത്തുകളില്‍ 90 ശതമാനം കടന്നിരുന്നു.എന്നാലിത്തവണ 16 പഞ്ചായത്തുകളില്‍ പോളിംഗ് ശതമാനം 80 കടന്നു.

ജില്ലാ പഞ്ചായത്തില്‍ ആര് ?

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ഭരണം ആരുനേടുമെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ ചോദ്യം.
എല്‍ഡിഎഫും യുഡിഎഫും തുല്യശക്തികളായ ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തില്‍ ആകെ 17 ഡിവിഷനുകളാണുള്ളത്. നിലവില്‍ യുഡിഎഫിനാണ് ജില്ലാ പഞ്ചായത്ത് ഭരണം. യുഡിഎഫ്-8(കോണ്‍ഗ്രസ്- നാല്, മുസ്‌ലിം ലീഗ് – നാല്), എല്‍ഡിഎഫ് -7
( സിപിഐഎം-6, സിപിഐ-1), ബിജെപി -രണ്ട് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. 2005 ലും 2010 ലും എല്‍ഡിഎഫാണ് ജില്ലാ പഞ്ചായത്ത് ഭരിച്ചത്. 2009ല്‍ യുഡിഎഫ് അവിശ്വാസത്തിലൂടെ ഒരുവര്‍ഷത്തോളം ഭരിച്ചെങ്കിലും 2010ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും എല്‍ഡിഎഫ് അധികാരത്തിലെത്തി.

കാസര്‍ഗോഡ് ജില്ലയില്‍ നഗരസഭ -മൂന്ന്, ബ്ലോക്ക് പഞ്ചായത്തുകള്‍ -ആറ്, ഗ്രാമപഞ്ചായത്തുകള്‍ -38

നഗരസഭകള്‍

ജില്ലയിലെ മൂന്ന് നഗരസഭകളില്‍ നിലവില്‍ രണ്ട് നഗരസഭകള്‍ ഇടതിനൊപ്പമാണ്. നീലേശ്വരവും കാഞ്ഞങ്ങാടും ഭരിക്കുന്നത് എല്‍ഡിഎഫാണ്. കാസര്‍ഗോഡ് നഗരസഭ വര്‍ഷങ്ങളായി യുഡിഎഫ് കോട്ടയാണ്.

ആകെ ആറ് ബ്ലോക്ക് പഞ്ചായത്തുകള്‍

എല്‍.ഡി.എഫ്. ഭരിക്കുന്നത് – നാല് (കാറഡുക്ക, പരപ്പ, കാഞ്ഞങ്ങാട്, നീലേശ്വരം )
യു.ഡി.എഫ്. ഭരിക്കുന്നത് -രണ്ട് ( മഞ്ചേശ്വരം, കാസര്‍ഗോഡ് )

ആകെ 38 പഞ്ചായത്തുകള്‍

ആകെ 38 പഞ്ചായത്തുകളില്‍ നിലവില്‍ യുഡിഎഫ്- 19, എല്‍ഡിഎഫ്- 16, ബിജെപി- 2,
സ്വതന്ത്ര മുന്നണി-1

യു.ഡി.എഫ്. ഭരിക്കുന്നത്

  1. കുമ്പഡാജെ
  2. മഞ്ചേശ്വരം
  3. മീഞ്ച
  4. വോര്‍ക്കാടി
  5. മംഗല്‍പ്പാടി
  6. കുമ്പള
  7. എന്‍മകജെ
  8. ബദിയഡുക്ക
  9. മൊഗ്രാല്‍പൂത്തൂര്‍
  10. ചെമ്മനാട്
  11. മുളിയാര്‍
  12. ചെങ്കള
  13. കാറഡുക്ക
  14. കുറ്റിക്കോല്‍
  15. ഉദുമ
  16. ബളാല്‍
  17. തൃക്കരിപ്പൂര്‍
  18. പടന്ന
  19. വലിയപറമ്പ

എല്‍.ഡി.എഫ്. ഭരിക്കുന്നത്

  1. പൈവളിക
  2. പുത്തിഗൈ
  3. ദേലംപാടി
  4. ബേഡഡുക്ക
  5. പള്ളിക്കര
  6. പുല്ലൂര്‍-പെരിയ
  7. അജാനൂര്‍
  8. പനത്തടി
  9. മടിക്കൈ
  10. കോടോംബേളൂര്‍
  11. കയ്യൂര്‍-ചീമേനി
  12. വെസ്റ്റ് എളേരി
  13. ചെറുവത്തൂര്‍
  14. പിലിക്കോട്
  15. കിനാനൂര്‍-കരിന്തളം
  16. കള്ളാര്‍

ബി.ജെ.പി. ഭരിക്കുന്നത്

  1. മധൂര്‍
  2. ബേള്ളൂര്‍

സ്വതന്ത്ര മുന്നണി ഭരിക്കുന്നത്

1) ഈസ്റ്റ് എളേരി സ്വതന്ത്ര കക്ഷി- ഡിഡിഎഫ് ( ഡെമോക്‌റാറ്റിക് ഡെവലപ്‌മെന്റ് ഫ്രണ്ട് )

Story Highlights – Local body elections; Kasargod Expectations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here