ശബരിമലയിൽ ഡിസംബർ 26 മുതൽ കൊവിഡ് പരിശോധന നിർബന്ധമാക്കി

ശബരിമല തീർത്ഥാടനത്തിനെത്തുന്നവർക്ക് ഡിസംബർ 26 മുതൽ കൊവിഡ് പരിശോധന നിർബന്ധമാക്കി ആരോഗ്യ വകുപ്പ്.എല്ലാ തീർത്ഥാടകർക്കും, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കി.നിലക്കൽ എത്തുന്നതിന് 24 മണിക്കൂറിനകം, ഐസിഎംആർ അംഗീകാരമുള്ള ലാബിൽ നിന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. കൊവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് മാർഗ നിർദേശങ്ങൾ പുതുക്കിയത്.
ഈ തീർത്ഥാടന കാലത്ത് ഇതുവരെ 299 പേർക്കാണ് ശബരിമലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 245 പേരും ജീവനക്കാരാണ്. 51 തീർത്ഥാടകർക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ആശങ്കയിൽ സുരക്ഷാ മുൻകരുതലുകൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിരുന്നിട്ടും ഇത്രയധികം ജീവനക്കാർ രോഗബാധിതരായത് ആരോഗ്യ വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്.
ഡിസംബർ 26ന് മണ്ഡലമാസ പൂജയ്ക്ക് ശേഷം വരുന്ന എല്ലാ തീർത്ഥാടകർക്കും, ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി. തീർത്ഥാടകർ നിലക്കലിൽ എത്തുന്നതിന് 24 മണിക്കൂറിനകം ഐസിഎംആറിന്റെ അംഗീകാരമുള്ള ലാബിൽ പരിശോധന നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പുതുക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
കോവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർത്ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തണം.അടുത്തിടെ കൊവിഡ് ബാധിച്ചവരും രോഗ ലക്ഷണങ്ങളുള്ളവരും തീർത്ഥാടനത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കണം.നിലക്കലിലും പമ്പയിലുമുള്ള കൂട്ടംകൂടൽ ഒഴിവാക്കണം.തീർത്ഥാടകർക്കൊപ്പമുള്ള ഡ്രൈവർമാർ, ക്ലീനർമാർ, പാചകക്കാർ തുടങ്ങി എല്ലാവരും ആരോഗ്യ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം. പത്തനംതിട്ടയിലും, കോട്ടയത്തും കൊവിഡ് കേസുകളിൽ വർധനയുണ്ട്. കൂടാതെ തെരഞ്ഞെടുപ്പ് കാലവും കൊവിഡ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് പുതിയ മാർഗനിർദേശം.
Story Highlights – covid inspection has been made mandatory in Sabarimala from December 26
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here