കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി

കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ടെന്ന് സുപ്രിംകോടതി. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ അവകാശമാണ്. ജീ‌വനോ സ്വത്തിനോ ഭീഷണിയാകാതെ എത്ര കാലം വേണമെങ്കിലും സമരം ചെയ്യാം. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശം തടയുന്ന രീതിയിൽ സമരം ചെയ്യരുതെന്നും സുപ്രിംകോടതി പറഞ്ഞു. കർഷക സമരത്തിനായി സമർപ്പിച്ച ഹർജിയിലാണ് സുപ്രിംകോടതിയുടെ നിരീക്ഷണം.

കർഷക സമരത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകണം. അതിന് കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച തുടരണം. ഇതിനായി സ്വതന്ത്ര സമിതിയെ നിയോ​ഗിക്കണം. ഇരു കക്ഷികൾക്കും അവരുടെ വാദങ്ങൾ അറിയിക്കാം. പി. സായിനാഥിനെ പോലെ കാർഷിക മേഖലയിൽ അവഗാഹമുള്ളവർ, ഭാരതീയ കിസാൻ യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് മാത്രമല്ല കർഷകരുടെ ആവശ്യമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ പറഞ്ഞു. ആറ് മാസത്തേക്കുള്ള കരുതലുകളുമായാണ് കർഷകർ വന്നത്. യുദ്ധകാലത്താണ് ഇത്തരം ഉപരോധങ്ങൾ കാണാറെന്നും കേന്ദ്രത്തിനായി അറ്റോർണി ജനറൽ അറിയിച്ചു. കർഷകർ പിടിവാശി കാണിക്കുകയാണെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞപ്പോൾ, സർക്കാറിനെ കുറിച്ച് കർഷകർക്കും ഇതേ നിലപാടാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Story Highlights – Farm law, Farmers protest. Supreme court of India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top