കണ്ണൂരില്‍ മലയോര മേഖലയിലും കരുത്ത് തെളിയിച്ച് എല്‍ഡിഎഫ്

ldf

കണ്ണൂരിലെ ഇടതു കോട്ടകള്‍ നിലനിര്‍ത്തിയ എല്‍ഡിഎഫിന് ഇത്തവണ മലയോര മേഖലയിലും കരുത്ത് തെളിയിക്കാനായി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെയും എല്‍ജെഡിയുടേയും മുന്നണിമാറ്റം കണ്ണൂര്‍ ജില്ലയിലും പ്രതിഫലിച്ചു. പക്ഷെ മുനിസിപ്പാലിറ്റികളിലൊന്നും ഇത്തവണ ഭരണമാറ്റമുണ്ടായില്ല.

ഉദയഗിരി, ചെറുപുഴ, പയ്യാവൂര്‍, ആറളം, കണിച്ചാര്‍, കുന്നോത്തുപറമ്പ് എന്നിവയാണ് ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്ത പഞ്ചായത്തുകള്‍. കൊട്ടിയൂരില്‍ യുഡിഎഫിനൊപ്പവുമെത്തി. കടമ്പൂര്‍ പഞ്ചായത്തില്‍ മാത്രമാണ് ഇടതിന് ഭരണം നഷ്ടപ്പെട്ടത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനമാണ് മലയോര മേഖലയിലെ അഞ്ച് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ഭരണം നേടിക്കൊടുത്തത്.

കുന്നോത്തുപറമ്പ് പഞ്ചായത്തിലെ വിജയത്തില്‍ എല്‍ജെഡിക്കും നിര്‍ണായക പങ്കുണ്ട്. ജില്ലാ പഞ്ചായത്തിലെ കൊളവല്ലൂര്‍ ഡിവിഷന്‍ പിടിച്ചെടുത്തപ്പോള്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍എല്‍ഡിഎഫ്സമ്പൂര്‍ണ വിജയം നേടി. എന്നാല്‍ മുന്നണിയിലെ മാറ്റങ്ങള്‍ മുനിസിപ്പാലിറ്റികളിലെ ജനവിധിയെ കാര്യമായി ബാധിച്ചില്ല.

പരമ്പരാഗത ഇടത് കോട്ടകള്‍ പതിവുപോലെ ഇത്തവണയും എല്‍ഡിഎഫിന് ഒപ്പംനിന്നു. ആന്തൂര്‍ നഗരസഭ, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പിണറായി, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, കല്യാശേരി, കണ്ണപുരം, കരിവെള്ളൂര്‍, പെരളം, പന്ന്യന്നൂര്‍, കാങ്കോല്‍ ആലപ്പടമ്പ്, ചെറുതാഴം, ഏഴോം പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് പ്രതിപക്ഷമില്ലാതെ ഭരിക്കും. ആറിടങ്ങളില്‍ പ്രതിപക്ഷത്ത് ഒരംഗം മാത്രമേയുള്ളൂ. ജില്ലാ പഞ്ചായത്തിലും ഇടതുപക്ഷം നില മെച്ചപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ ബ്ലോക്ക് പഞ്ചായത്തുകളും ഭരിച്ചിരുന്ന എല്‍ഡിഎഫിന് പക്ഷേ ഇത്തവണ രണ്ടിടത്ത് അടിതെറ്റി.

Story Highlights – LDF proves its strength in the hilly region of Kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top