സ്നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി; പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് 70,000 ത്തോളം കുട്ടികള്‍ക്ക്

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കി വരുന്ന സ്നേഹപൂര്‍വം പദ്ധതിയ്ക്ക് സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിയെടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുള്ള എച്ച്‌ഐവി, എയ്ഡ്സ് ബാധിതരായ കുട്ടികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 70,000 ത്തോളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതിക്കായി 90.83 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വിവിധ സാഹചര്യങ്ങളാല്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്നേഹപൂര്‍വം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക അനുവദിക്കുന്നത്. അഞ്ച് വയസിനു താഴെയുള്ള കുട്ടികള്‍ക്കും, ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, ആറ് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ,ഡിഗ്രി,പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000രൂപ എന്നിങ്ങനേയാണ് ധനസഹായം അനുവദിക്കുന്നത്.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ മേഖലയിലെ ഐടിഐ, പോളിടെക്നിക്കുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്. ഒരാള്‍ ഒന്നിലധികം തവണ ധനസഹായം കൈപ്പറ്റുന്നത് തടയുവാനായി ഗുണഭോക്താക്കളില്‍ ഡിബിടി (Direct Benefit Transfer) മുഖേനയായിരിക്കും ധനസഹായം അനുവദിക്കുന്നത്.
Story Highlights – 12.20 crore administrative sanction for Snehapoorvam project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here