തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം. ഗ്രൂപ്പ് കളിയും വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധവും തിരിച്ചടിയായെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് ആഘാതം വിശദമായി ചര്‍ച്ച ചെയ്യാന്‍ രണ്ടുദിവസത്തെ രാഷ്ട്രീയകാര്യ സമിതിയോഗം ചേരാനും തീരുമാനിച്ചു.
ആറുമണിക്കൂറിലധികം നീണ്ടുനിന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ സ്വയം വിമര്‍ശനവും സംഘടനാ സംവിധാനത്തിലെ പാളിച്ചകളുമാണ് ചര്‍ച്ചയായത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ മുന്നണിക്കോ തിരിച്ചടിയുണ്ടായില്ലെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കണക്കുകള്‍ നിരത്തി സമര്‍ത്ഥിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റു നേതാക്കള്‍ വഴങ്ങിയില്ല. കണക്ക് നിരത്തി പരാജയം മറച്ചുവയ്ക്കാനാകില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തോല്‍വി സമ്മതിക്കാനെങ്കിലും നേതാക്കള്‍ തയാറാകണമെന്ന് വി. ഡി. സതീശന്‍ നിലപാടെടുത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്ക് പോക്കിനെച്ചൊല്ലിയുള്ള തര്‍ക്കം അപകടമുണ്ടാക്കിയെന്നും അനാവശ്യ വിവാദം ഒഴിവാക്കണമായിരുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ നേതാക്കള്‍ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ ആവര്‍ത്തിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് കളിയാണ് നടന്നതെന്നും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് പോലും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആയിരുന്നുവെന്നും പി. ജെ. കുര്യനും വി. എം. സുധീരനും കുറ്റപ്പെടുത്തി.
പരമ്പരാഗത വോട്ടുബാങ്കുകളില്‍ ചോര്‍ച്ചയുണ്ടാകുന്നതിന് നേതാക്കളുടെ സമീപനം കാരണമായെന്നും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സമഗ്രമായ അഴിച്ചുപണി ആവശ്യമാണെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തിക്കാത്ത മുഴുവന്‍ പേരെയും ഒഴിവാക്കണമെന്ന് കെ. സുധാകരന്‍ നിലപാട് സ്വീകരിച്ചു. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കെ. മുരളീധരനും പി. സി. ചാക്കോയും ആരോപിച്ചു. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയപ്പോള്‍ പോലും രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ചയുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു. തോല്‍വി വിശദമായി വിലയിരുത്തുന്നതിനും പാളിച്ചകള്‍ പരിഹരിക്കുന്നതിന് നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനും രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിശാല രാഷ്ട്രീയകാര്യസമിതി ചേരാനും തീരുമാനിച്ചു. ജനുവരി ആറ്, ഏഴ് തീയതികളിലാകും യോഗം.
Story Highlights – Congress Political Affairs Committee meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here