കൊട്ടാരക്കര മുന്‍ MLA ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേക്കേറുമോ ?

കൊട്ടാരക്കര മുന്‍ എം എല്‍ എയും സി പി ഐ എമ്മിന്റെ പ്രമുഖ വനിതാ നേതാവുമായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍ എത്തുമോ? കഴിഞ്ഞ കുറച്ചുകാലമായി സി പി ഐ എം നേതൃത്വവുമായി അകന്നു കഴിയുന്ന ഐഷ പോറ്റി, പാര്‍ട്ടി പരിപാടികളില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയായിരുന്നു. പാര്‍ട്ടി ചുമതലകളില്‍ നിന്നും പൂര്‍ണമായും പിന്‍വാങ്ങി. ആരോഗ്യ കാരണങ്ങളാല്‍ പൊതുവേദികളില്‍ നിന്നും മാറുന്നുവെന്നായിരുന്നു അവര്‍ നേതൃത്വത്തെ അറിയിച്ചത്, എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതും, വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം പോലുള്ള ഏതെങ്കിലും പദവികള്‍ നല്‍കുമെന്ന പ്രതീക്ഷകള്‍ അസ്തമിച്ചതുമാണ് ഐഷ പോറ്റിയെ ചൊടിപ്പിച്ചത്.
കേരളാ കോണ്‍ഗ്രസ് ബിയുടെ കരുത്തനായ നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കര മണ്ഡലം ഇടതുപക്ഷം പിടിച്ചെടുത്തത്. മൂന്നു തവണ ഐഷ പോറ്റി കൊട്ടാരക്കരയില്‍ വന്‍ഭുരിപക്ഷത്തില്‍ വിജയിച്ചു. ഇതോടെ കൊട്ടാരക്കര മണ്ഡലം ഇടത് കോട്ടയായി മാറുകയായിരുന്നു. കഴിഞ്ഞ തവണ ബാലഗോപാലിനെ മത്സരിപ്പിക്കാന്‍ സി പി ഐ എം തീരുമാനിച്ചതോടെയാണ് നേതൃത്വത്തോട് ഐഷ പോറ്റി നീരസം പ്രകടിപ്പിച്ചത്.
തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ പരിഗണിക്കപ്പെട്ടില്ല. തുടര്‍ന്ന് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു. യു ഡി എഫിന്റെ കോട്ടയായിരുന്ന കൊട്ടാരക്കര മണ്ഡലത്തില്‍ വന്‍ സ്വാധീനമുണ്ടായിരുന്ന നേതാവാണ് ഐഷ പോറ്റി. ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിക്കാനായാല്‍ അത് യു ഡി എഫിന് ഗുണകരമാവുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ഒരു വിഭാഗം നേതാക്കള്‍ ഐഷ പോറ്റിയുമായി ചര്‍ച്ചകള്‍ തുടരുകയാണ്. ഇതേ സമയം പാര്‍ട്ടിബന്ധം ഉപേക്ഷിക്കാനുള്ള ഐഷാ പോറ്റിയുടെ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന ആവശ്യവുമായി സി പി ഐ എം നേതാക്കള്‍ സമീപിച്ചിരിക്കയാണ്.
പൊതുവേദികളില്‍ നിന്നും പൂര്‍മായും അകന്നു നില്‍ക്കുന്ന ഐഷ പോറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പ്രാസംഗികയായി എത്തിയതാണ് വാര്‍ത്തകള്‍ക്ക് വഴിവച്ചത്. ”താന്‍ നിയമസഭാംഗമായിരുന്ന കാലത്തെ ബന്ധത്തിന്റെ പേരിലാണ് ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്നും, കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല എന്നുമാണ് ഐഷ പോറ്റിയുടെ പ്രതികരണം. എന്നാല്‍ ഐഷ പോറ്റിയുമായി വരുന്ന വാര്‍ത്തകള്‍ സി പി ഐ എം നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. ഐഷ പോറ്റി പാര്‍ട്ടി വിട്ടേക്കുമെന്നും, ബി ജെ പിയിലോ കോണ്‍ഗ്രസിലോ ചേരാനുള്ള സാധ്യതതള്‍ തള്ളിതക്കളയാനാവില്ലെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇതിനിടയിലാണ് കൊട്ടാരക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഒരു പാര്‍ട്ടിയിലേക്കും ഇപ്പോള്‍ പോവുന്നില്ലെന്നും ജനങ്ങള്‍ക്കൊപ്പം ഞാനുണ്ടാവുമെന്നുമാണ് ഐഷ പോറ്റി ഈ വാര്‍ത്തയില്‍ പ്രതികരിച്ചത്. ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഐഷ പോറ്റി വ്യക്തമാക്കുകയാണ്. എന്നാല്‍ ഐഷ പോറ്റിയെ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.
സി പി ഐ എം കൊല്ലം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഐഷ പോറ്റി. എന്നാല്‍ കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിലും ഐഷ പോറ്റി പങ്കെടുത്തിരുന്നില്ല.ജില്ലാ കമ്മിറ്റിയില്‍ നിന്നും കൊട്ടാരക്കര ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും പിന്നീട് ഏരിയാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെടുകയുമായിരുന്നു. നിലവില്‍ പാര്‍ട്ടി ചുതലകളൊന്നും ഐഷപോറ്റി വഹിക്കുന്നുമില്ല.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊല്ലം ജില്ലയിലെ പാര്‍ട്ടിയുടെ പ്രമുഖയായിരുന്ന വനിതാ നേതാവും മൂന്നുതവണ കൊട്ടാരക്കര എം എല്‍ എയുമായിരുന്ന ഐഷ പോറ്റി പാര്‍ട്ടിയോട് വിടപറയുന്നത് തിരിച്ചടിയുണ്ടാക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.
Story Highlights : Will former Kottarakkara MLA Aisha Potty join Congress?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here