Advertisement

എറണാകുളത്ത് യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ അനുമോദനം

December 20, 2020
Google News 2 minutes Read
DGP lauds police officers for nabbing accused

എറണാകുളം നഗരത്തില്‍ അര്‍ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പൊലീസ് സംഘത്തിന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.വിജയശങ്കര്‍, എസ്.ഐമാരായ കെ.എക്‌സ്. തോമസ്, എം.ആര്‍. സരള, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എല്‍. അനീഷ്, പി.ജി. ശ്രീകാന്ത്, വി.എസ്. ശിഹാബുദ്ദീന്‍, വി. സിന്ധു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഡി. രഞ്ജിത്ത് കുമാര്‍, പി.എ. ഇഗ്‌നേഷ്യസ് എന്നിവര്‍ക്ക് ഡിജിപിയുടെ പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും നല്‍കാനാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവായത്.

നവംബര്‍ 15ന് രാത്രി 11.30 ന് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ മടങ്ങവേയാണ് യാത്രക്കാരിക്ക് ദുരനുഭവമുണ്ടായത്. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാരന്‍ ഹൈക്കോടതി ജംഗ്ഷനു സമീപം വച്ച് സ്ത്രീയെ ആക്രമിക്കുകയും അപമാനിക്കുകയുമാണ് ഉണ്ടായത്. ഉടന്‍ പൊലീസിനെ ഫോണില്‍ ബന്ധപ്പെട്ട അവരെ വനിതാ പൊലീസ് അടക്കം എത്തി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മൊഴി നല്‍കുകയും അടുത്തദിവസം രാവിലെ സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടറെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവില്‍ ഡിസംബര്‍ ഒന്നിന് പൊലീസ് പ്രതിയെ പിടികൂടുകയും പരാതിക്കാരിയെ വിളിച്ചുവരുത്തി ആളെ തിരിച്ചറിയുകയും ചെയ്തു. നിരവധി ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് പ്രതി. താന്‍ നേരിട്ട ദുരനുഭവവും അര്‍ധരാത്രിയില്‍ വളരെ പെട്ടെന്ന് പൊലീസ് സഹായം ലഭിച്ചതും വൈകാതെ തന്നെ പ്രതിയെ പിടികൂടിയതും ചൂണ്ടിക്കാട്ടി പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ ഇ-മെയില്‍ മുഖേന അഭിനന്ദനം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുകയും പ്രതികളെ പിടികൂടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി പ്രശംസാപത്രവും ഗുഡ് സര്‍വീസ് എന്‍ട്രിയും പ്രഖ്യാപിച്ചത്.

Story Highlights – DGP lauds police officers for nabbing accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here