നടിയെ അപമാനിച്ച കേസ്; പ്രതികളുടെ അറസ്റ്റ് ഉടൻ

kochi shopping mall actress attack case arrest soon

കൊച്ചിയിൽ നടിയെ അപമാനിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് ഉടൻ. പെരിന്തൽമണ്ണയിലെത്തിയ കളമശേരി പൊലീസ് സംഘം പ്രതികളുടെ അഭിഭാഷകനുമായി ചർച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.

നടിയുടെ മൊഴി എടുക്കാൻ വൈകുന്നത് അവർ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ എടുത്താൽ കളമശേരിയിൽ ഹാജരാക്കും. പ്രതികൾക്ക് നിരപരാധിത്വം കോടതിയിൽ പറയാമെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിൻഷാദ് ,ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്യാൻ കളമശേരി സിഐയും സംഘവും പെരിന്തൽമണ്ണയിലെത്തി. മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലന്നും നടിയോട് മാപ്പ് പറയാൻ തയ്യാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം.

കൊച്ചിയിലെ മാളിൽ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കാണ് യുവനടിയെ അപമാനിക്കാൻ ശ്രമിച്ചത്. സംഭവശേഷം മെട്രോയിൽ കയറിയ പ്രതികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് മലബാറിലേക്ക് ട്രെയിൻ കയറിയത്. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് ലഭിച്ച ഫോൺ കോളിനെ തുടർന്ന് പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകുമെന്ന് ഉറപ്പായതോടെ റിൻഷാദും ആദിലും മാധ്യമങ്ങൾക്ക് മുന്നിലെത്തി.ജോലി ആവശ്യത്തിനാണ് കൊച്ചിയിൽ എത്തിയതെന്നും ലുലുമാളിൽ വച്ച് അബദ്ധത്തിൽ കൈ തട്ടിയത് ആണെന്നും വിശദീകരിച്ചു.

പ്രതികളുടെ വാദങ്ങൾക്ക് വിരുദ്ധമാണ് സിസിടിവി ദൃശ്യങ്ങളും എറണാകുളത്തെ സഞ്ചാരവും. പ്രശ്നം ചർച്ചയായതോടെ അഭിഭാഷകരെ സമീപിച്ച് ഒളിവിൽ പോയ പ്രതികൾ കോയമ്പത്തൂരിലേക്ക് കടന്നു എന്നാണ് വിവരം. നടിയുടെ അമ്മയുടെ മൊഴി അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റർ ചെയ്താരിക്കുന്നത്. വൈകാതെ നടിയുടെ മൊഴി കൂടി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

Story Highlights – kochi shopping mall, actress attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top