കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ്; മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ അതു ഒതുക്കരുത് എന്നും ലീഗിന് ആദ്യം അധികാരം നല്‍കിയത് ഇഎംഎസ് ആണെന്ന് മറക്കരുതെന്നും വി മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കടത്തില്‍ അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു ബന്ധവും ഇല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണോയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യം. ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യുഡിഎഫ് അപ്രസക്തമായിരിക്കുന്നുവെന്നും കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള കേന്ദ്രമായി ലീഗ് മാറിയോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സ്വന്തം നേതാവിനെ തെരഞ്ഞെടുക്കാന്‍ കെല്‍പ്പില്ലാത്ത തരത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന് മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. നാലു വോട്ടിനു വേണ്ടി എന്തും ചെയ്യാനുള്ള ലജ്ജയില്ലായ്മയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുന്നണിയില്‍ നിന്നും പുറത്തു വരുന്നത് ദുര്‍ഗന്ധപൂരിതമായ ചര്‍ച്ചകളാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.
Story Highlights – Muslim League decides Congress president; Union Minister V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here