കർഷക സമരത്തിനിടെ ഡൽഹിയിലെ ​ഗുരുദ്വാരയിൽ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം

ഡല്‍ഹിയിലെ രാഖാബ് ഗൻച് ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാവിലെയാണ് ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.

സുവർണ്ണ ക്ഷേത്രം കഴിഞ്ഞാൻ സിഖ് മതവിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഡൽഹിയിലെ രഖാബ് ഗൻച് ഗുരുദ്വാര. ഞായറാഴ്ചകളിൽ രാവിലെ മുതൽ ഇവിടെ വലിയ തിരക്കായിരിയ്ക്കും. കർഷക സമരം നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ആരും പ്രതീക്ഷിച്ചിരുന്നില്ല. പതിവ് സുരക്ഷാ ക്രമീകരണങ്ങൾ ഒഴിവാക്കിയാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് സിഖ് ഗുരു തേജ് ബഹദൂറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.

ശനിയാഴ്ചയായിരുന്നു ഗുരു തേജ് ബഹദൂറിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി സമൂഹ മാധ്യമം വഴി പങ്കുവച്ചിട്ടുണ്ട്. താന്‍ അനുഗ്രഹീതനായെന്നും ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തില്‍ നിന്ന് പ്രചോദിതനായെന്നും സന്ദർശന ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. കർഷക സമരം ശക്തമായിരിക്കെ ഗുരുദ്വാരയിലെ മോദിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണെന്നാണ് വിലയിരുത്തൽ.

Story Highlights – PM Modi makes surprise visit to historic Delhi gurudwara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top