Advertisement

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍

December 21, 2020
Google News 1 minute Read
HIV Zero Surveillance Center for Transgender Individuals

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നതിനായി 59.07 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എച്ച്ഐവി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ എച്ച്.ഐ.വി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതി വിജയം കണ്ടെതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനായി ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഉന്നമനത്തിനുതകുന്ന തരത്തിലുള്ള വിവിധ പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് വിപുലമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കുകയും മഴവില്ല് എന്ന അമ്പ്രല്ലാ സ്‌കീമിന് രൂപം കൊടുത്തുകൊണ്ട് വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തിട്ടുണ്ട്.

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മറ്റുള്ളവരെപ്പോലെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് പുതിയ സ്വയംതൊഴില്‍ സംരംഭം ആരംഭിക്കാന്‍ ധനസഹായമായി ഒരു വ്യക്തിക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെ സബ്സിഡി നിരക്കില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന വായ്പ നല്‍കി വരുന്നു. നിയമപരമായി വിവാഹം ചെയ്ത ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കുന്നു. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളിലേയും എല്ലാ കോഴ്സുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് അധിക സീറ്റുകള്‍ അനുവദിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കുള്ള ധനസഹായം 5 ലക്ഷം വരെയാക്കി ഉയര്‍ത്തി.

തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, സമന്വയ തുടര്‍ വിദ്യാഭ്യാസ പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നല്‍കുന്ന പദ്ധതി, സംരംഭകത്വ വികസന പരിശീലന പദ്ധതി, എച്ച്.ഐ.വി. സീറോ സര്‍വലൈന്‍സ് സെന്റര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍, ബ്യൂട്ടീഷന്‍ പരിശീലന പദ്ധതി, തയ്യല്‍ മെഷീന്‍ വിതരണ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള ധനസഹായം, എസ്.ആര്‍.എസ്. കഴിഞ്ഞ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പോഷക ആഹാരത്തിനും തുടര്‍ചികിത്സയ്ക്കും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി, സ്വയം തൊഴില്‍ ധനസഹായം, വനിതാ വികസന കോര്‍പ്പറേഷന്‍ വഴി സ്വയം തൊഴിലിനുള്ള വായ്പ പദ്ധതി, ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍ക്ക് വിവാഹ ധനസഹായം നല്‍കുന്ന പദ്ധതി, കെയര്‍ ഹോം / ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍, അഡ്വക്കസി ക്യാമ്പയിന്‍, നൈപുണ്യ വികസന പരിശീലന പരിപാടി, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളായി സൗഹൃദ ടോയ്ലറ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി എന്നിങ്ങനെ നിരവധി പദ്ധതികളാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി നടപ്പാക്കി വരുന്നത്. ഇതുകൂടാതെയാണ് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.

Story Highlights – HIV Zero Surveillance Center for Transgender Individuals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here